റോഡിലേക്ക് ചാഞ്ഞു കിടന്ന മരക്കൊമ്പ് കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം – സൈക്കിൾ യാത്രികനു പരിക്കേറ്റു, ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

ചാവക്കാട് : റോഡിലേക്ക് ചാഞ്ഞു കിടന്നിരുന്ന മാവിൻ തടി കണ്ടയിനർ ലോറിയിൽ കുടുങ്ങി അപകടം. സൈക്കിൾ യാത്രികന് പരിക്കേറ്റു. ചാവക്കാട് കുന്നംകുളം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി 6.45 ഓടെ ഓവുങ്ങലിനും കോടതിപ്പടിക്കും മദ്ധ്യേ സംസ്ഥാന പാതയിലാണ് സംഭവം. തമിഴനാട് സ്വദേശി മാരിമുത്തു (62) വിനാണ് പരിക്കേറ്റത്.

സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ മാവിൽ നിന്നും റോഡിലേക്ക് ചാഞ്ഞുകിടന്നിരുന്ന വലിയ തടിയോടു കൂടെയുള്ള കൊമ്പാണ് ഉയരം കൂടിയ കണ്ടയിനർ ലോറിയിൽ കുടുങ്ങിയത്. ഒടിഞ്ഞു പോന്ന മാവിൻ തടിയുമായി അൻപതു മീറ്ററോളം ലോറി മുന്നോട്ടു പോയി. ഈ സമയം റോഡരികിലൂടെ സൈക്കിളിൽ പോയിരുന്ന മാരിമുത്തുവിന്റെ ദേഹത്തു ലോറി വലിച്ചുകൊണ്ടുപോയ കൊമ്പുകൾ തട്ടിയാണ് പരിക്കേറ്റത്. ചാവക്കാട് ടോട്ടൽ കെയർ ആമ്പുലൻസ് പ്രവർത്തകർ ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ചാവക്കാട് പോലീസും ഗുരുവായൂർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും ചേർന്നു കൊമ്പ് മുറിച്ചു മാറ്റി ഗതാഗത തടസ്സം നീക്കി. ഗുരുവായൂർ എസ് എഫ് ആർ ഒ അജിത്തിന്റെ നേതൃത്വത്തിൽ സിവിൽ ഫയർ ഓഫീസർമാരായ ഷിബു, അമൽ പ്രഭ, ശരവണൻ, സമീർ എന്നിവർ ദൗത്യത്തിൽ പങ്കാളികളായി.

Comments are closed.