
കടപ്പുറം : പിസി കനാലിലെ സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാലിഹ ഷൗക്കത്തിന്റെ നേതൃത്വത്തിൽ, വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.

കടപ്പുറം പഞ്ചായത്തിലെ ചേറ്റുവ പുഴയോട് ചേർന്ന് പിസി കനാലിൽ കുറുകെ നിർമ്മിക്കുന്ന സുബ്രഹ്മണ്യൻ കടവ് സ്ലൂയിസ് നിർമാണം നിലച്ചിട്ട് ഒരു വർഷമായി. ചേറ്റുവ ബ്രിഡ്ജിന് പടിഞ്ഞാറുവശം കടപ്പുറം പഞ്ചായത്തിന്റെ പുഴ തീരം കെട്ടി ബലപ്പെടുത്തുന്നതിനും സുബ്രഹ്മണ്യം കടവിലൂടെ ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നത് തടയുന്നതിനും വേണ്ടിയായിരുന്നു ഈ പദ്ധതി. 2.5 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതിക്ക് 218.61 ലക്ഷം രൂപക്കാണ് സാങ്കേതിക അനുമതി ലഭിച്ചത്. 207.97 ലക്ഷം രൂപയ്ക്കാണ് ഈ പ്രവർത്തിക്ക് കരാർ ലഭിച്ചിട്ടുള്ളത്. 2019 ആരംഭിച്ച ഈ പദ്ധതിയിൽ 900 മീറ്റർ പുഴതീരം കെട്ടി സംരക്ഷിക്കുന്നതിനും സ്ലൂയിസ് നിർമ്മിക്കുന്നതിനും പണം വകയിരുത്തിയിട്ടുണ്ട്. എന്നാൽ സ്ലൂയിസ് നിർമ്മിക്കുന്നതിന് ആവശ്യമായ താൽക്കാലിക റിംഗ് ബണ്ട് കെട്ടി ഫൗണ്ടേഷൻ ഇടുക മാത്രമാണ് ഇതുവരെ ചെയ്തിട്ടുള്ളത്.
ഏക്കർ കണക്കിന് കൃഷി ഭൂമിയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയുന്നതിന് അടിയന്തരമായി പ്രവർത്തി പൂർത്തിയാക്കാൻ വേണ്ടനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി റോഷൻ അഗസ്റ്റിനെ തിരുവനന്തപുരം ഓഫീസിൽ നേരിട്ട് ചെന്ന് കണ്ട് നിവേദനം നൽകിയത്. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ദീൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Comments are closed.