തലവേദനയും തലകറക്കവും – ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു
ചാവക്കാട് : തലവേദനയും തലകറക്കവും മൂലം ചികിത്സക്കായി ഖത്തറിൽ നിന്നും നാട്ടിലെത്തിയ യുവാവ് മരിച്ചു. അകലാട് സിദ്കുൽ ഇസ്ലാം മദ്രസക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ കാര്യാടത്ത് മുഹമ്മദ് മകൻ യൂനുസ് (40) ആണ് മരിച്ചത്. ഈ മാസം ഏഴാം തിയ്യതിയാണ് യൂനുസ് ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. ശക്തമായ തലവേദനയും ചെവിയുടെ ബാലൻസ് നഷ്ടപ്പെടുകയും ചെയ്യുന്നുവെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഖത്തറിൽ ഡ്രൈവറായി ജോലിചെയ്യുന്ന യൂനുസിന് അസുഖം മൂലം ദിവസങ്ങളായി ജോലിക്ക് പോവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് രണ്ടുമാസത്തെ ലീവിൽ നാട്ടിലേക്ക് പോരുകയായിരുന്നു.
ശനിയാഴ്ച്ച നാട്ടിലെത്തിയ യൂനുസ് തിങ്കളാഴ്ച്ച ചാവക്കാട് ഇ എൻ ടി സ്‌പെഷ്യലിസ്റ്റിനെ കണ്ട് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. പിന്നീട് വീട്ടിൽ തലകറങ്ങി വീണ യൂനുസിനെ ചാവക്കാട് ഹയാത് ആശുപത്രിയിലും തുടർന്ന് തൃശൂർ ദയ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു. ഇന്നലെ വ്യാഴാഴ്‌ച്ച വൈകുന്നേരം ആറുമണിയോടെ മരണം സ്ഥിരീകരിച്ചു.
മാതാവ് പരേതയായ സഫിയ. ഭാര്യ: നിഷിത. മക്കൾ: സിഹാൻ (8), സഹ്‌മ (4). ഖബറടക്കം ഇന്ന് രാവിലെ അകലാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
Comments are closed.