mehandi new

നാളെ ഗുരുവായൂരിൽ നാനൂറോളം വിവാഹങ്ങൾ; എം എൽ എ യോഗം ചേർന്നു _ ട്രാഫിക് കുരുക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ

fairy tale

ഗുരുവായൂർ : ഗുരുവായൂരിന്റെ ചരിത്രത്തില്‍ ആദ്യമായി 2024 സെപ്തംബര്‍ 8-ാം തിയ്യതി ഞായറാഴ്ച ഏകദേശം 400 ഓളം വിവാഹങ്ങള്‍ ക്ഷേത്രസന്നിധിയില്‍ വെച്ച് നടത്തപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഉണ്ടാകാന്‍ ഇടയുള്ള ഗതാഗതകുരുക്ക് പരിഹരിക്കുന്നതുമായി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂര്‍ എംഎല്‍എ എന്‍കെ അക്ബറിന്റെ അദ്ധ്യക്ഷതയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നഗരസഭ കാര്യാലയത്തില്‍ വെച്ച് യോഗം ചേർന്നു. 

planet fashion

ഞായറാഴ്ച്ച നഗരത്തിലേക്ക് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവേശിക്കുന്ന വാഹനങ്ങള്‍ (ടു വീലർ ഉൾപ്പെടെ) ഇന്നര്‍ റിംഗ് റോഡിലും ഔട്ടര്‍ റിംഗ് റോഡിലും കര്‍ശനമായി വണ്‍വേ സമ്പ്രദായം പാലിക്കേണ്ടതാണ്. റോഡരികിലെ ടൂവീലര്‍ അടക്കമുള്ള എല്ലാ വാഹനങ്ങളുടെയും പാര്‍ക്കിംഗ് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ഗുരുവായൂരില്‍ നിന്നും സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ എല്ലാം തന്നെ പടിഞ്ഞാറെ നടയിലെ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള മായാബസ്സ്റ്റാന്റില്‍ നിന്നും സര്‍വ്വീസ് നടത്തേണ്ടതും, വണ്‍വേ സമ്പ്രദായത്തില്‍ തിരികെ എത്തിച്ചേരേണ്ടതുമാണ്. ചാവക്കാട് ഭാഗത്തുനിന്നുള്ള ബസുകള്‍ മുതുവട്ടൂര്‍ വഴി പടിഞ്ഞാറെ നടയിലെ മായാ ബസ്സ്റ്റാന്റില്‍ എത്തിച്ചേരേണ്ടതാണ്. 

കുന്നംകുളം ഭാഗത്തു നിന്നും വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മമ്മിയൂരില്‍ നിന്നും തിരിഞ്ഞ് കൈരളി ജംഗ്ഷന്‍ വഴി ഔട്ടര്‍ റിംഗ് റോഡ് ചുറ്റി മായാ ബസ്സ്റ്റാന്റില്‍ എത്തിച്ചേരേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുതുവട്ടൂര്‍ സെന്ററില്‍ നിന്നും തിരിഞ്ഞ് മായ ബസ്സ്റ്റാന്റിലേക്ക് എത്തിച്ചേരണം. സ്വകാര്യ വാഹനങ്ങള്‍ നഗരസഭയുടെ ഔട്ടര്‍ റിംഗ് റോഡിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സെന്ററിലും, കിഴക്കേനടയിലെ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിംഗ് സെന്ററിലും, ശ്രീകൃഷ്ണ സ്‌കൂള്‍ ഗ്രൗണ്ടിലും, മറ്റു പാര്‍ക്കിംഗ് കേന്ദ്രങ്ങളും വിനിയോഗിക്കേണ്ടതാണ്. ടൂറിസ്റ്റ് ബസുകള്‍ നഗരസഭയുടെ കിഴക്കേനടയിലെ സത്യഗ്രഹസ്മാരക പാര്‍ക്കിംഗ് ഗ്രൗണ്ടിലും പാര്‍ക്കിംഗ് ചെയ്യേണ്ടതുമാണ്.

യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ഗുരുവായൂര്‍ എസിപി ടി.എസ്. ഷിനോജ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. എം. ഷെഫീര്‍, ഷൈലജ സുധന്‍, എ. എസ്. മനോജ്, നഗരസഭ കൗണ്‍സിലര്‍മാരായ കെ. പി. ഉദയന്‍, ശോഭ ഹരിനാരായണന്‍, ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ ജി. അജയ്കുമാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

Macare 25 mar

Comments are closed.