അകലാട് റസിയ കൊലപാതകം – പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

ചാവക്കാട്: അകലാട് ഒറ്റയിനിയിനി കോളനിയിൽ യുവതിയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും. പത്തുവർഷം മുൻപ് നടന്ന അകലാട് റസിയ കൊലപാതകക്കേസിലാണ് പ്രതിയായ അകലാട് കണ്ടാണത്ത് നൂർദ്ദീനു ജില്ലാ കോടതി ജഡ്ജ് പി എൻ വിനോദ് ശിക്ഷ വിധിച്ചത്. ആഭരണങ്ങൾ കവർന്ന കേസിൽ മൂന്ന് വർഷം കഠിന തടവും അനുഭവിക്കണം.

2013 ജനുവരി 29ന് കാണാതായ കൊല്ലം പറമ്പ് അബൂബക്കറിന്റെ മകൾ റസിയ(26)യെ ഫെബ്രുവരി ഒന്നിന് മറ്റൊരു വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അകലാട് കാട്ടിലപ്പിള്ളി കണ്ടാണത് നൂറുദ്ദീൻ ആയിരുന്നു പ്രതി. ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊലപാതകവും ഇതിന്റെ അന്വേഷണവും. 29ന് രാത്രിയാണ് യുവതിയെ കാണാതായത്. വീട്ടുകാർ വടക്കേക്കാട് എസ്ഐ സജിൻ ശശിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ല.
പരിസരവാസിയായ ഒരു കുട്ടിയുടെ മൊഴിയനുസരിച്ച് അകലാട് കാട്ടിലെ പള്ളിക്ക് വടക്ക് താമസിക്കുന്ന കണ്ടാണത്ത് നൂറുദ്ദീനെ(38)നെതിരെ വീട്ടുകാർ അന്നു തന്നെ പൊലീസിൽ പരാതി നൽകി. ഇയാളുടെ തറവാട് വീടിനു പുറകുവശത്തെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതിയായ നൂറുദ്ദീൻ പിന്നീട് ഒളിവിൽ പോയി.
എസ്ഐ സജിൻ ശശിയെ ശിക്ഷാനടപടിയായി സ്ഥലം മാറ്റി.
ആക്ഷൻ കൗൺസിൽ രൂപീകരിച്ച് ഹൈക്കോടതിയിൽ ഹർജി കൊടുത്തതിനെ തുടർന്ന് തൃശൂർ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി നൂറുദ്ദീനേയും തെളിവ് നശിപ്പിക്കാൻ സഹായിച്ച അകലാട് ഒറ്റയിനി തെറാലത്തു വീട്ടിൽ കല്ലയിൽ മുസ്തഫ എന്ന മുത്തുവിനെ രണ്ടാം പ്രതിയാക്കിയും കേസെടുത്തു.
അന്വേഷണത്തിനിടെയാണ് പ്രതി പിടിയിലാകുന്നത്. ഇതിനിടെ രണ്ടാം പ്രതി മുത്തു മാപ്പുസാക്ഷിയായി.

Comments are closed.