mehandi banner desktop

വഴികളെല്ലാം വെള്ളത്തിൽ; ഒറ്റപ്പെട്ട് പുന്ന – വെള്ളക്കെട്ട് ദുരിതം പേറി ആയിരത്തോളം കുടുംബങ്ങൾ

fairy tale

ചാവക്കാട് : വെള്ളക്കെട്ടിൽ ഒറ്റപ്പെട്ട് പുന്ന. വീടിനു പുറത്തിറങ്ങാനാവാതെ പുന്ന നിവാസികൾ. വെള്ളത്താൽ ചുറ്റപ്പെട്ട് പുന്നയിൽ മാത്രം 800 ഓളം വീടുകൾ. പുന്നയിലേക്കുള്ള എല്ലാ വഴികളിലും ഗതാഗതം സാധ്യമാകാത്ത വിധം വെള്ളക്കെട്ടിൽ. ജോലിക്ക് പോകാനാവാതെ മുതിർന്നവരും സ്കൂളിൽ പോകാനാവാതെ വിദ്യാർത്ഥികളും പ്രതിസന്ധിയിൽ. പുന്ന എൽ പി സ്കൂൾ, രാജ സീനിയർ സെക്കണ്ടറി സ്കൂൾ എന്നിവ അനിശ്ചിത കാലത്തേക്ക് അടച്ചു. രാജാ സ്കൂളിൽ ആറാം ക്ലാസ്സുമുതൽ പ്ലസ്ടു വരെയുള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ ക്ളാസുകൾ ആരംഭിക്കുമെന്ന് മാനേജർ അറിയിച്ചു.  

planet fashion

നാലു വഴികളാണ് പ്രധാനമായും പുന്നയിലേക്കുള്ളത്. ചാവക്കാട് താലൂക്ക് ആശുപത്രി പുന്ന റോഡ്, ആലുംപടി പുന്ന റോഡ്, മുക്കട്ട റോഡ്, പുതിയറ റോഡ്. ഈ റോഡുകളെല്ലാം ഗതാഗത യോഗ്യമല്ലാത്ത വിധം വെള്ളക്കെട്ടിലാണ്. ഒൻപത് കുടുംബങ്ങൾ മാറി താമസിച്ചു. അബ്ദുറഹ്മാൻ മൂത്തേടത്തും കുടുംബവും അഞ്ചങ്ങാടി സൈക്ലോൺ ഷെൽട്ടറിലേക്കും ഷമീർ വലിയകത്ത്, നസറിയ കേരന്റ്കത്ത്, സുശീല വലിയതറയിൽ, പ്രീനിജ വലിയതറയിൽ,  ആരിഫ് കുരിക്കളകത്ത് പേനകത്, സക്കീർ, അച്ചുവീട്ടിൽ ഹനീഫ, ഖാജ തുടങ്ങിയവർ  ബന്ധു വീടുകളിലേക്കുമാണ് താമസം മാറിയത്.

ചാവക്കാട് നഗരസഭ 3,  5, 6, 10, 16, 17  വാർഡുകളിലായി തിരുവത്ര, പുന്ന, കോഴിക്കുളങ്ങര, വഞ്ചിക്കടവ്, തെക്കഞ്ചേരി പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങൾ വെള്ളക്കെട്ട് ദുരിതത്തിൽ.  ഈ മേഖലകളിൽ കുടിവെള്ള പ്രശ്നം രൂക്ഷമാണ്. 

ചാവക്കാട് വാർഡ്‌ 16 തെക്കഞ്ചേരിയിലെ 150 ഓളം കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലാണ്.  വഴികളെല്ലാം വെള്ളകെട്ടാൽ അടക്കപ്പെട്ടു. തോടായി മാറിയ റോഡിൽ വഞ്ചിയിറക്കി ചിലർ യാത്രാ സൗകര്യം കണ്ടെത്തി. 

വാർഡ്‌ 3 തിരുവത്രയിൽ 50 ലധികം വീടുകൾ വെള്ളക്കെട്ടിൽ അകപ്പെട്ടു. വാർഡ്‌ 17 വഞ്ചിക്കടവ് മേഖലയിൽ മുപ്പത്തോളം വീടുകൾ വെള്ളത്തിലായി. 

കനോലി കനാലിന്റെ ഇരു കരകളും വെള്ളം കവിഞ്ഞു നിൽക്കുകയാണ്. 

ആഴം കൂട്ടാനായി കനോലി കനാലിൽ നിന്നെടുത്ത മണ്ണ് കനാലിന്റെ ഇരുഭാഗത്തും വലിയ ഉയരത്തിൽ മതിൽ പോലെയാണ് നിക്ഷേപിച്ചിട്ടുള്ളത്. ഇത് പറമ്പുകളിൽ നിന്നും കനോലി കനാലിലേക്കുള്ള  വെള്ളത്തിന്റെ ഒഴിഞ്ഞുപോക്കിന് തടസ്സമാകുന്നു എന്നാണ്  നാട്ടുകാർ പറയുന്നത്. ദേശീയ പാത വികസനത്തിന്റെ ഭാഗമായി പാതയുടെ ഇരു വശത്തു നിന്നും കാനകളും ബോക്സഡ് കൽവേർട്ടുകളും വഴി ഏക്കർ കണക്കിന് ഭൂമിയിലെ മഴ വെള്ളം കനോലി കനാലിലേക്ക് എത്തുന്നതും പുഴ തികട്ടാൻ കാരണമായിട്ടുണ്ട്.  മഴ തുടങ്ങുമ്പോഴേക്കും മുൻപൊന്നും ഇല്ലാത്ത വിധം രൂക്ഷമായ വെള്ളക്കെട്ടാണ് നാടനുഭവിക്കുന്നത്. 

Comments are closed.