ദേശാടന പക്ഷികളുടെ താവളമായ പുത്തൻകടപ്പുറം ബീച്ചിൽ മാലിന്യം തള്ളുന്നതായി ആക്ഷേപം

ചാവക്കാട്: മനോഹരമായ തീരവും വിസ്മയ കാഴ്ചകളും കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്ന ചാവക്കാട് പുത്തൻകടപ്പുറം ബീച്ചിൽ സ്വകാര്യ വ്യക്തികളുടെ പറമ്പുകളിൽ നിന്നും മറ്റും മുറിച്ചുമാറ്റിയ തെങ്ങുകളുടെയും വലിയ മരങ്ങളുടെയും അവശിഷ്ടങ്ങളും കടഭാഗങ്ങളും ബീച്ചിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപവുമായി വൻതോതിൽ കൊണ്ടുവന്ന് തള്ളുന്നത് പതിവായിരിക്കുകയാണ്. പ്രദേശവാസികളുടെയും സഞ്ചാരികളുടെയും യാതൊരുവിധ സുരക്ഷയോ പരിഗണനയോ ഇല്ലാതെയാണ് ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ അരങ്ങേറുന്നത്.നിരവധി പ്രത്യേകതകളുള്ള വിനോദസഞ്ചാര കേന്ദ്രമാണ് പുത്തൻകടപ്പുറം ബീച്ച്. ഒരുപാട് ദേശാടന പക്ഷികൾ വിരുന്നെത്തുന്ന പ്രകൃതിരമണീയമായ ഒരു സ്ഥലം കൂടിയാണിത്. ഇത്തരത്തിലുള്ള പാരിസ്ഥിതിക പ്രാധാന്യമുള്ള തീരപ്രദേശത്താണ് യാതൊരു മനസാക്ഷിയുമില്ലാതെ മുറിച്ചുമാറ്റിയ തെങ്ങിന്റെ കടകളും മരത്തിന്റെ കടഭാഗവും കൊണ്ടുവന്നു തള്ളുന്നത്. ഇത് ബീച്ചിന്റെ സ്വാഭാവിക ഭംഗി പാടെ ഇല്ലാതാക്കുന്നതിന് കാരണമായിട്ടുണ്ട്.വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും നിരവധി കുടുംബങ്ങളും കുട്ടികളുമാണ് പുത്തൻകടപ്പുറം ബീച്ചിലേക്കും ഇവിടത്തെ മനോഹരമായ ദൃശ്യ ഭംഗിയും കാണുന്നതിനായി എത്തിച്ചേരുന്നത്. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യാനായി ഒരുക്കിയിരിക്കുന്ന സ്ഥലത്തിന് തൊട്ടടുത്തായി തന്നെ മരത്തടികളും അവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നത് വാഹനയാത്രക്കാർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.തീരപ്രദേശത്തെ പരിസ്ഥിതി സംരക്ഷിക്കുന്നതിനും വിനോദസഞ്ചാര മേഖലയെ രക്ഷിക്കുന്നതിനുമായി അധികാരികളുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. അനധികൃതമായി മാലിന്യങ്ങളും മരശിഷ്ടങ്ങളും തള്ളുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ബീച്ചും പരിസരവും അടിയന്തരമായി വൃത്തിയാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.




Comments are closed.