പാലത്തിന്റെ ഭിത്തി അടർന്നു വീണു വീണ്ടും അപകടം – മണത്തലയിൽ ബൈക്ക് യാത്രികർ രക്ഷപ്പെട്ടത് തലനാരിഴക്ക്

ചാവക്കാട് : ദേശീയ പാത 66 മണത്തലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഭിത്തി അടർന്നു വീണു അപകടം. സെക്കണ്ടുകളുടെ വ്യത്യാസത്തിലാണ് ബൈക്ക് യാത്രികരുടെ തലക്ക് വീഴാതെ രക്ഷപ്പെട്ടത്. ഇന്ന് രാത്രി ഒൻപതാര മണിയോടെയാണ് സംഭവം. തിരുവത്ര സ്വദേശികളായ യുവാക്കളാണ് രക്ഷപ്പെട്ടത്. മണത്തല മുല്ലത്തറയിൽ കിഴക്കേ സർവീസ് റോഡിലേക്കാണ് പന്ത്രണ്ടടി മുകളിൽ നിന്നും നൂറുകണക്കിന് ഭാരം വരുന്ന വലിയ സ്ലാബ് അടർന്നു വീണത്. മുകളിൽ പാലംപണി നടന്നുകൊണ്ടിരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഉടൻതന്നെ ജെ സി ബി കൊണ്ടുവന്ന് സ്ലാബ് വലിച്ചു കൊണ്ടുപോയി. സംഭവമറിഞ്ഞു നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും സ്ലാബ് മാറ്റിയിരുന്നു. പരിസരത്തുണ്ടായിരുന്ന ഹൈവേ പട്രോളിംഗ് പോലീസുകാരും സ്ഥലത്തെത്തിയിരുന്നു.

ഏതാനും മാസങ്ങൾക്ക് മുൻപ് എടക്കഴിയൂരിലും മന്നലാംകുന്നും മണത്തല ശിവക്ഷേത്രത്തിനു സമീപവും സ്ലാബ് വീണും പാലത്തിൽ നിന്ന് എസ്‌കേവേറ്റർ റോഡിലേക്ക് വീണും അപകടം സംഭവിച്ചിരുന്നു. നിലവിൽ ദേശീയപാത നിർമ്മാണ പ്രവർത്തികളിൽ പൊതുജനത്തിന്റെ സുരക്ഷക്ക് ഒരു വിലയും നൽകുന്നില്ല. ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയാണ്.


Comments are closed.