അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു – 14 വർഷത്തിന് ശേഷം പ്രവാസി മലയാളി നാട്ടിലെത്തി
സലീംനൂർ
അജ്‌മാൻ : പതിനാല് വർഷത്തിന് ശേഷം പ്രവാസി മലയാളി ഗൾഫിൽ നിന്നും നാട്ടിലെത്തി. തൃശൂർ ഗുരുവായൂർ സ്വദേശിയാണ് പതിനാല് വർഷത്തിന് ശേഷം യു എ ഇ യിൽ നിന്നും നാട്ടിലെത്തിയത്. യു എ ഇ യിൽ നിരവധി സംരംഭങ്ങൾ നടത്തിരുന്ന ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധികളിൽ അകപ്പെട്ടതാണ് നാട്ടിലേക്കുള്ള യാത്രക്ക് ആദ്യം തടസ്സമായത്. സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടിരിക്കുമ്പോൾ കൊറോണ കൂടി വന്നതോടെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിഞ്ഞു. അഞ്ച് വർഷത്തിലേറെയായി ഇദ്ദേഹത്തിന്റെ വീസ കാലാവധി കഴിഞ്ഞിട്ട്. ആ വകയിൽ തന്നെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തിലേറെ ദിർഹം പിഴയുണ്ടായിരുന്നു.
ഭാര്യയും രണ്ടു മക്കളുമുള്ള ഇദ്ദേഹം നാട്ടിൽ പോകുന്നതിന് നിരവധി പേരെ സമീപിച്ചെങ്കിലും ധന നഷ്ടവും നിരാശയുമായിരുന്നു ഫലം. ഇടക്ക് ഹൃദ്രോഗം വന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർ ചികിത്സക്ക് വിദഗ്ധ ഡോക്ടർമാർ നിർദേശിച്ചെങ്കിലും അതിനൊന്നും കഴിയാത്ത വിധം പെട്ട് പോവുകയായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ഇദ്ദേഹം ഉമ്മുൽ ഖുവൈനിൽ നടത്തിയിരുന്ന ഭക്ഷണ ശാല കൊറോണ വന്നതോടെ ആളുകളിൽ നിന്ന് പണം ലഭിക്കാതെ വലിയ പ്രതിസന്ധിയിലായി കടബാധ്യത ഏറി. ആത്മഹത്യയെ പറ്റി വരെ താൻ ചിന്തിച്ചിരുന്നതായി ഈ 54 കാരൻ പറയുന്നു.
അവസാന ശ്രമമെന്ന നിലയിൽ ഇദ്ദേഹം അഷ്റഫ് താമരശ്ശേരി യുമായി കഴിഞ്ഞ ദിവസം ബന്ധപ്പെടുകയായിരുന്നു. താമരശ്ശേരിയുടെ ഇടപെടലിന്റെ ഭാഗമായി വളരേ ചെറിയ തുക അടച്ച് അന്നേ ദിവസം തന്നെ ഔട്ട് പാസ് ലഭിക്കുകയും അന്ന് രാത്രി തന്നെ നാട്ടിലേക്ക് യാത്രയാവുകയും ചെയ്തു. നാട്ടിൽ 9 ലേറെ ബസ്സുകൾ സ്വന്തമായി ഉണ്ടായിരുന്ന വീട്ടിലെ അംഗമായിരുന്ന ഇദ്ദേഹത്തിന് വലിയ ദുരന്തമാണ് വന്ന് പെട്ടത്. വലിയ തുക ഫൈൻ കൂടി വന്നതോടെ അടുത്ത പലരും നിസ്സഹായരായി പിന്മാറുകയായിരുന്നു. ഗത്യന്തരമില്ലാതെ അലഞ്ഞ തനിക്ക് കിട്ടിയ പിടിവള്ളിയായിരുന്നു അഷ്‌റഫ് എന്നും വലിയ അനുഗ്രഹമായെന്നും ഇദ്ദേഹം പറഞ്ഞു. വിവിധ വകുപ്പുകളിലെ സ്വദേശികളായ ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ സഹകരണത്തോടെയാണ് ഇദ്ദേഹത്തിന്റെ വിഷയത്തിൽ പരിഹാരം കാണാൻ കഴിഞ്ഞതെന്ന് അഷ്റഫ് താമരശ്ശേരി പ്രതികരിച്ചു.
Comments are closed.