mehandi new

അതിരപ്പിള്ളി അണക്കെട്ടിന് പിണറായി മനക്കോട്ട കെട്ടണ്ട : പി.എം സാദിഖലി

fairy tale

തൃശൂര്‍: അതിരപ്പിള്ളി അണക്കെട്ടിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മനക്കോട്ട കെട്ടേണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. പദ്ധതിയ്ക്കുവേണ്ടിയുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ നീക്കം ഏകപക്ഷീയമാണ്. അതിരപ്പിള്ളി പദ്ധതിക്കെതിരെ ആദിവാസി സമൂഹവും പരിസ്ഥിതി പ്രവര്‍ത്തകരും നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന് മുസ്‌ലിം യൂത്ത് ലീഗ് രാഷ്ട്രീയവും ധാര്‍മികവുമായ പിന്തുണ നല്‍കും. പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ യൂത്ത് ലീഗ് അതിന് മുന്നില്‍ നിന്ന് പോരാടുമെന്നും തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സാദിഖലി പറഞ്ഞു. കേരളീയ സമൂഹത്തിന്റെ പാരിസ്ഥിതികാവ ബോധത്തെയാണ് സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലപാടാണ് ഇടതുസര്‍ക്കാര്‍ അധികാരമേറ്റ് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ സ്വീകരിക്കുന്നുവെന്ന് വ്യക്തമാണ്. ജനങ്ങള്‍ നല്‍കിയ ഭൂരിപക്ഷം എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. സി.പി.എമ്മിന്റെ സ്റ്റാലിനിസ്റ്റ് രീതി ജനാധിപത്യകേരളത്തില്‍ വിലപ്പോവില്ല. താന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പാരിസ്ഥിതിക അനുമതി ലഭിച്ച അതിരപ്പിള്ളി പദ്ധതിക്കെതിരെ രാഷ്ട്രീയ എതിര്‍പ്പുകളാണ് ഉള്ളതെന്നാണ് പിണറായി പറയുന്നത്. ഇതോടെ കേരളത്തിനു വേണ്ടാത്ത ഈ പദ്ധതിക്കുപിന്നില്‍ ആരാണെന്ന് വ്യക്തമായി. അഴിമതിയും നിക്ഷിപ്ത താല്‍പര്യങ്ങളുമാണ് ഈ പദ്ധതിക്ക് പിന്നിലുള്ളത്. കേരളത്തിന്റെ ഏതു പൊതു വികസന ആവശ്യം നിറവേറ്റാനാണ് ഈ പദ്ധതിയെന്ന് അതിനുവേണ്ടി വാദിക്കുന്ന സി.പി.എം വ്യക്തമാക്കണം. സി.പി.ഐയ്ക്ക് ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിക്കണം. കേരളത്തില്‍ ഇനിയൊരു വന്‍കിട അണക്കെട്ട് പ്രായോഗികമല്ലെന്ന് എല്ലാവരും തിരിച്ചറിയണം. ലോകം തന്നെ ബദല്‍ ഊര്‍ജ വഴികള്‍ തേടുന്ന ഇക്കാലത്ത് നമ്മളിപ്പോഴും വന്‍കിട ജലവൈദ്യുത പദ്ധതികളുടെ പിന്നാലെപോകുന്നത് വിരോധാഭാസമാണ്. മുല്ലപെരിയാറിന്റെ കാര്യത്തില്‍ പ്രകടനപത്രികയില്‍ പുതിയൊരു ഡാം വാഗ്ദാനം ചെയ്തവര്‍ മഷിയുണങ്ങുംമുന്‍പേ ജനത്തിനുനേരെ കൊഞ്ഞനംകുത്തുകയാണ്. കേരളം ഒന്നാകെയെതിര്‍ത്ത വിദഗ്ധ സമിതി റിപ്പോര്‍ട്ടിനെയാണ് മുഖ്യമന്ത്രി പിന്തുണയ്ക്കുന്നത്. മുല്ലപെരിയാറില്‍ വന്‍കിട അണക്കെട്ട് ഉണ്ടാക്കുന്നതിനോട് യൂത്ത്‌ലീഗിന് യോജിപ്പില്ല. വികേന്ദ്രീകൃത ചെറു ജലസംഭരണികളാണ് ബദല്‍മാര്‍ഗമെന്നും സാദിഖലി ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ ആശങ്കകള്‍ ദുരീകരിക്കുന്നതിനു പകരം ഗെയില്‍ പൈപ്പ് ലൈനിനു വേണ്ടി മുഖ്യമന്ത്രി നടത്തിയ ഏകപക്ഷീയ പ്രഖ്യാപനം വോട്ടുചെയ്ത ജനങ്ങളോടുള്ള മറ്റൊരു വെല്ലുവിളിയാണ്. മൂലമ്പിള്ളി പുനരധിവാസ പാക്കേജ് മാതൃകാപരമായി നടപ്പിലാക്കിയ യു.ഡി.എഫ് സര്‍ക്കാരിന്റെ നല്ലവശങ്ങള്‍ ഉള്‍ക്കൊള്ളുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു നാണക്കേടും വിചാരിക്കേണ്ട. ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റിയും തൃപ്തികരമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കിയും മാത്രമെ ഗെയില്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുവദിക്കൂവെന്ന് സാദിഖലി പറഞ്ഞു.
ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഒട്ടും സുതാര്യമായിരിക്കില്ലെന്നാണ് കാര്യങ്ങള്‍ തെളിയിക്കുന്നത്. മുഴുവന്‍ സമയവും ക്യാമറയുടെ നിരീക്ഷണത്തില്‍ പ്രവര്‍ത്തിച്ച ജനകീയനായ ഉമ്മന്‍ചാണ്ടിയില്‍ നിന്നും പുതിയ മുഖ്യമന്ത്രി പിണറായി വിജയനിലേക്കുള്ള ദൂരം വളരെ വലുതാണ്. ആഴ്ചതോറുമുള്ള ക്യാബിനറ്റ് ബ്രീഫിംഗ്‌പോലും ഇനിയില്ലായെന്നാണ് പുതിയ മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി ഗുജറാത്തിലും ഇപ്പോള്‍ പ്രധാനമന്ത്രി കസേരയിലിരുന്നും സ്വീകരിക്കുന്നത് ഇതേ നിലപാട് തന്നെയാണ്. ജനങ്ങളില്‍ നിന്നകന്ന് നിഗൂഢലക്ഷ്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ് ഇങ്ങിനെ ചെയ്യുക. മോദിയുടെ ഫാസിസ്റ്റ് രീതിയും പിണറായിയുടെ സ്റ്റാലിനിസ്റ്റ് സമീപനവും ഒരുപോലെ അപകടകരമാണെന്ന് വരുംകാലം തെളിയിക്കുമെന്നും സാദിഖലി കൂട്ടിചേര്‍ത്തു.

Macare health second

Comments are closed.