തിരുവത്രയിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം – ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചാവക്കാട് : തിരുവത്രയിൽ കോട്ടപ്പുറം ബീച്ചിൽ മത്സ്യക്കച്ചവടക്കാരന് നേരെ ആക്രമണം. ഗുരുതരമായ പരിക്കേറ്റ അമ്പത്തിനാല് കാരനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ദലാംകുന്ന് സ്വദേശി കറുത്ത വീട്ടിൽ സക്കറിയ (54)ക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 ന് തിരുവത്ര പടിഞ്ഞാറേ പള്ളിക്ക് സമീപം ബേബി റോഡിൽ വെച്ചാണ് സംഭവം. ചേറ്റുവയിൽ നിന്നും മീനെടുത്ത് കച്ചവടം ചെയ്തു വരുന്നയാളാണ് സക്കറിയ. പതിവുപോലെ ബൈക്കിൽ മീൻ വില്പന നടത്തി മന്ദലാംകുന്ന് ഭാഗത്തേക്ക് പോകുന്ന വഴിയിൽ കച്ചവടാർത്ഥം റോഡരികിൽ ബൈക്ക് നിറുത്തിയിരുന്നു. ഈ സമയം അതേ ദിശയിൽ നിന്നും അമിത വേഗതയിൽ വന്ന സ്‌കൂട്ടർ പെട്ടെന്ന് ബ്രേക് പിടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞതായി പറയുന്നു. സ്‌കൂട്ടർ ഓടിച്ചിരുന്ന തിരുവത്ര ഇ എം എസ് നഗർ സ്വദേശിയായ യുവാവാണ് മത്‍സ്യക്കച്ചവടക്കാരനെ മർദ്ദിച്ചത്. മീൻവണ്ടി റോട്ടിൽ നിർത്തിയിട്ടതാണ് അപകടകാരണം എന്ന് പറഞ്ഞായിരുന്നു മർദ്ദനം. മുഖത്തേറ്റ ഇടിയെ തുടർന്ന് സക്കറിയയുടെ രണ്ടു പല്ലുകൾ നഷ്‍ടപ്പെടുകയും മൂക്കിൽ നിന്നും രക്തം വരികയും ചെയ്തു. കയ്യിലെ വളപോലെയുള്ള സാധനം ഉപയോഗിച്ച് ഇടിച്ചതിനെ തുടർന്ന് നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്.

പരിക്കേറ്റ സക്കരിയയെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

Comments are closed.