mehandi new

അമ്പാനെ ശ്രദ്ധിക്ക് ഇത് അപകട വളവ്…ചാവക്കാട് നഗരമധ്യത്തിൽ അപകടങ്ങളുടെ തുടർച്ച പ്രശ്നങ്ങളും പരിഹാരവും – ഒരു പഠന റിപ്പോർട്ട്

fairy tale

ചാവക്കാട് : ചാവക്കാട് നഗരമധ്യത്തിൽ അപകടങ്ങളുടെ തുടർച്ച. ഏതു സമയവും ഒരപകടം സംഭവിച്ചേക്കാമെന്ന ആശങ്കയിലാണ് ഇവിടത്തെ കച്ചവടക്കാർ. ചേറ്റുവ റോഡിൽ നിന്നും ചാവക്കാട് ട്രാഫിക് ഐലണ്ടിലേക്ക് പ്രവേശിക്കുന്നിടത്ത് വാഹനയാത്രക്കാർക്ക് സുരക്ഷാ ഭീഷണി ഉയർത്തുന്ന രീതിയിലാണ് നിലവിലെ ഗതാഗത സംവിധാനം. രണ്ടുമാസം മുമ്പ് ഒരു യുവാവിന്റെ ദാരുണാന്ത്യത്തിന് ഇടയാക്കിയ അപകടം ഉൾപ്പെടെ ചെറുതും വലുതുമായ അപകടങ്ങൾ ഇവിടെ പതിവായിരിക്കുകയാണ്. 

ഗുരുവായൂർ, പൊന്നാനി, ചാവക്കാട് ബീച്ച്, പാവറട്ടി തുടങ്ങിയ റൂട്ടിലേക്ക് പോകേണ്ട നിരവധി വാഹനങ്ങളാണ് ദേശീയപാതയായ ചേറ്റുവ റോഡിൽ നിന്നും നഗരമധ്യത്തിലേക്ക് പ്രവേശിക്കുന്നത്.  തെക്കേ ബൈപ്പാസ് മുതൽ ചാവക്കാട് ജംഗ്ഷൻ വരെ വൺവേ സംവിധാനമാണ് നിലവിലുള്ളത്. അതുകൊണ്ടു തന്നെ രണ്ടും മൂന്നും ചിലപ്പോൾ അതിലധികവും ട്രാക്കുകളിലായാണ് കണ്ടയിനർ ലോറികൾ ഉൾപ്പെടെ ചെറുതും വലുതുമായ വാഹനങ്ങൾ ട്രാഫിക് ഐലണ്ടിലേക്ക് പ്രവേശിക്കുന്നത്. ഇവിടെ ഗതാഗത നിയമങ്ങൾ പാലിക്കാതെ യാതൊരുവിധ  നിയന്ത്രങ്ങളുമില്ലാതെയാണ് വാഹനങ്ങൾ കടന്നു പോകുന്നത്. ഇടതു വശം ചേർന്ന് വരുന്ന വാഹനങ്ങൾ കുന്നംകുളം ഭാഗത്തേക്ക്‌ നേരെ എടുക്കുമ്പോൾ വലതു വശത്തുകൂടെ വരുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടന്നു പൊന്നാനി ഭാഗത്തേക്ക്‌ പോകുന്നതിനായി ഇടത് വശത്തേക്ക് തിരിക്കുന്നു. ഭാഗ്യം കൊണ്ടുമാത്രമാണ് പല അപകടങ്ങളും ഒഴിവാകുന്നത്. ബൈക്ക് യാത്രികരാണ് കൂടുതലായും അപകടങ്ങൾക്ക് ഇരയാകുന്നത്. ഇടതുവശം ചേർന്ന് വരുന്ന ബൈക്കുകൾ വലിയ വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധയിൽ പെടാത്തതും അപകടത്തിനു കാരണമാകുന്നുവെന്ന് ചാവക്കാട് ഓൺലൈൻ പ്രത്യേക ടീം നടത്തിയ ട്രാഫിക് വിശകലനത്തിൽ വ്യക്തമാക്കി. 

പൊന്നാനി ഭാഗത്തേക്കും കുന്നംകുളം ഭാഗത്തേക്കും പോകുന്ന വാഹനങ്ങൾ തെക്കേ ബൈപ്പാസിൽ നിന്നും ചാവക്കാട് ജംഗ്ഷൻ എത്തുന്നതിനു മുൻപായി വ്യത്യസ്ഥ ട്രാക്കിൽ സഞ്ചരിക്കുന്നതിനു ഡിവൈഡറുകളും ദിശാ ബോർഡുകളും സ്ഥാപിക്കലും വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പോലീസിനെ നിയമിക്കലുമാണ് ചാവക്കാട്ഓൺലൈൻ പ്രത്യേക ടീം  പരിഹാരമായി നിർദേശിക്കുന്നത്. കൂടുതൽ ശാസ്ത്രീയമായ പഠനം നടത്തി കൃത്യമായ പരിഹാരം കണ്ട് അപകട വളവിൽ ഗതാഗത നിയന്ത്രണം ഉടൻ നടപ്പിലാക്കിയില്ലെങ്കിൽ കൂടുതൽ ദാരുണ ദൃശ്യങ്ങൾക്ക് ചാവക്കാട് ടൗൺ സാക്ഷിയാകും. 

Royal footwear

Comments are closed.