പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന്‌ നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചു

ചാവക്കാട് : ഒന്നര കോടിയുടെ നിരോധിച്ച നോട്ടുകൾ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചു.
പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കോയമ്പത്തൂരിൽ നിന്നാണ് നോട്ട് കൊണ്ടുവന്നതെന്ന് വ്യക്തമായതിനെ തുടർന്നാണ് അന്വേഷണം കോയമ്പത്തൂരിലേക്ക് വ്യാപിപ്പിച്ചത്. കോയമ്പത്തൂരിലെ ഒരു പെട്രോൾ പമ്പിൽ വച്ച് പ്രതികൾ മറ്റൊരു സംഘത്തിൽ നിന്ന്‌ നോട്ടുകൾ അടങ്ങിയ ബാഗുകൾ വാങ്ങുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. നോട്ടുകളുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണ് ഇതെന്ന് പോലീസ് പറഞ്ഞു. ഈ വർഷം ജനുവരിയിൽ ചാവക്കാട് വച്ച് നിരോധിത നോട്ടുകൾ കൈമാറാൻ എത്തിയ തിരുവനന്തപുരം സ്വദേശികളായ സജികുമാറിനേയും, മണിയേയും ,കൊരട്ടി സ്വദേശിയായ അഭിലാഷിനേയും ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ നിന്നും നോട്ട് വാങ്ങുന്ന സംഘം ചാവക്കാട് ഉള്ളവരാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി താജുദീന്റെതാണ് പിടികൂടിയ പിടികൂടിയ ഒന്നരക്കൊടിയിലെ അമ്പത് ലക്ഷം രൂപ എന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സ്പെഷൽ സ്ക്വാഡ് അംഗങ്ങൾ ഉൾപ്പടെ കോയമ്പത്തൂരിൽ തമ്പടിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. എറണാകുളത്തേക്കാണ് നോട്ടുകൾ കൊണ്ടു പോകുന്നത് എന്ന് പ്രതികൾ പറഞ്ഞെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല. ചാവക്കാട് തന്നെയാണ് സ്വീകർത്താവ് എന്ന നിഗമനത്തിൽ തന്നെയാണ് പോലീസ്. ജനുവരിയിൽ പിടികൂടിയ പ്രതികളിൽ നിന്ന് 35 ലക്ഷം നിരോധിത നോട്ടുകളാണ് പോലീസ് പിടികൂടിയത്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് പറഞ്ഞു.