ഹെലികോപ്റ്റർ സന്ദേശം ലഭിച്ചു കടലിലേക്ക് പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല

ചാവക്കാട് : കാണാതായ മത്സ്യതൊഴിലാളികളുടെ മൃതദേഹം കടലിൽ ഒഴുകി നടക്കുന്നതായി കോസ്റ്റ് ഗാർഡിന്റെ സന്ദേശം ലഭിച്ചതനുസരിച്ച് കോസ്റ്റൽ പോലീസ് സി ഐ ഫൈസലിന്റെ നേതൃത്വത്തിൽ കടലിൽ പോയ ബോട്ടുകാർക്ക് മത്സ്യതൊഴിലാളികളുടെ മൃതദേഹം കണ്ടെത്താനായില്ല.

സംഭവം നടന്ന സ്ഥലത്ത് നിന്നും രണ്ട് നോട്ടിക്കൽ മൈൽ അകലെ മൃതദേഹം കണ്ടതായാണ് ഹെലിക്കോപ്റ്ററിൽ നിന്നും അറിയിച്ചത്. മൃതദേഹം കരയിൽ എത്തിക്കാനായി പോയവർക്ക് മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് ഹെലിക്കോപ്റ്റർ തിരിച്ചെത്തി വീണ്ടും തിരച്ചിൽ ആരംഭിച്ചു.
തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ പഴയതുറ പുരയിടത്തിൽ ഗിൽബർട്ട് (54), മണിയൻ (വർഗീസ് –46) എന്നിവരെയാണ് കാണാതായത്.
മീൻപിടിത്തം കഴിഞ്ഞ് മടങ്ങുകയായിരുന്ന ടിയാമോൾ (ലൗ ഫ്രണ്ട്സ്) വള്ളം തിങ്കളാഴ്ച വൈകിട്ട് ആറിനാണ് തിരയിൽപ്പെട്ടു മറിഞ്ഞത്. ആറ് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്.
നാല് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. രണ്ടു ദിവസമായി കടലിൽ ഹെലികോപ്റ്ററിലും കപ്പലിലും ബോട്ടിലുമായി വിവിധ സംഘങ്ങൾ പരിശോധന നടത്തുകയായിരുന്നു.
പുല്ലുവിള സ്വദേശികളായ വർഗീസ് (56), സെല്ലാസ് (61), സുനിൽ (46), വള്ളത്തിന്റെ ഉടമ പ്രവീൺ (സന്തോഷ്–36) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്.
തകർന്ന ബോട്ട് കഴിഞ്ഞ ദിവസം കരയ്ക്കടിഞ്ഞിരുന്നു. ചേറ്റുവ ഹാർബറിൽ നിന്നു മീൻപിടിക്കാൻ 4 ദിവസം മുൻപാണ് ഇവർ കടലിൽ തങ്ങൽ പണിക്ക് പോയത്. ഒരു ദിവസം കടലിൽ തങ്ങി മീൻ പിടിക്കുന്നതിനാണ് തങ്ങൽ പണി എന്ന് പറയുന്നത്.

Comments are closed.