Header

കെട്ടിട നിർമ്മാണാനുമതി : പ്രതിപക്ഷത്തിന്റേത് വ്യാജ ആരോപണം – സംരംഭകർക്ക് പൂർണ്ണ പിന്തുണ

ചാവക്കാട് : കെട്ടിട നിര്‍മ്മാണ അനുമതിയുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ശ്രീജ പ്രശാന്ത്.
നഗരസഭ തികച്ചും നിയമാനുസൃത നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും നഗരസഭ സ്വീകരിക്കുന്ന നിയമാനുസൃത നടപടികള്‍ക്കെതിരെ ചില കക്ഷികള്‍ കേസിന് പോകുകയാണെന്നും അനാവശ്യമായി നഗരസഭ കേസിന് പോകുകയോ പണം ധൂര്‍ത്തടിക്കുകയോ ചെയ്യുന്നില്ലെന്നും പ്രസ്താവനയിൽ പറഞ്ഞു.

വഴിവിട്ട മാര്‍ഗ്ഗങ്ങളും പ്രവര്‍ത്തനങ്ങളും ചാവക്കാട് നഗരസഭയില്‍ നടക്കാത്തതിലുള്ള നിരാശയാണ് പ്രതിപക്ഷ പ്രസ്താവനയ്ക്ക് പുറകിലുള്ളത്. കഴിഞ്ഞ കൗണ്‍സിലിന്‍റെ കാലത്ത് തന്നെ അനധികൃത നിര്‍മ്മാണം തടയുന്നതിനുള്ള സ്ക്വാഡ് രൂപീകരിക്കുകയും എല്ലാ ആഴ്ചയിലും സ്ക്വാഡ് രംഗത്തിറങ്ങി അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുള്ളതുമാണ്. ധനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ഇത് അവലോകനം ചെയ്ത് വരുന്നതും ഈ പ്രവൃത്തി ഇപ്പോഴും തുടര്‍ന്ന് വരുന്നതുമാണെന്നും ചെയർപേഴ്സൻ വ്യക്തമാക്കി.

ചാവക്കാട് നഗരത്തില്‍ പുതിയ വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് നിയമപരമായ എല്ലാ സഹായവും കൗണ്‍സില്‍ ചെയ്യുന്നതാണ്. ഇതിനെ വിജിലന്‍സിന്റെ പേരു പറഞ്ഞ് ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ട. നിയമാനുസൃതമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് അനുമതിക്ക് അപേക്ഷിക്കുന്നവരെ ആട്ടിയോടിക്കുന്ന സമീപനം നഗരസഭക്കില്ല. ന്യായവും നിയമാനുസൃതവുമായ നടപടികളെ കള്ള പ്രചരണം നടത്തി തടയാനുള്ള ഏത് ഭീഷണിയും ജനം പുച്ഛിച്ച് തള്ളുമെന്നും ഷീജാ പ്രശാന്ത് പറഞ്ഞു.

അനധികൃത നിര്‍മ്മാണം തടയുന്നതിനുള്ള പ്രവര്‍ത്തനത്തിന് പ്രതിപക്ഷത്തിന്‍റെ പിന്തുണയും നഗരസഭാധ്യക്ഷ അഭ്യർത്ഥിച്ചു.

thahani steels

Comments are closed.