തിരുവത്ര കോട്ടപ്പുറത്ത് കഞ്ചാവ് ചെടി കണ്ടെത്തി

ചാവക്കാട് : തിരുവത്ര കോട്ടപ്പുറത്ത് നിന്നും വളർന്നു വലുതായ കഞ്ചാവ് ചെടി കണ്ടെത്തി. ചിങ്ങനാത്ത് പാലം റോഡിന്റെ പടിഞ്ഞാറ് വശം ദേശീയപാതയിൽ സർവീസ് റോഡിനോട് ചേർന്നു കിടക്കുന്ന പറമ്പിൽ നിന്നാണ് കഞ്ചാവ് ചെടി ലഭിച്ചത്. മതിൽകെട്ടില്ലാത്ത പുല്ല് വളർന്നു നിൽക്കുന്ന പറമ്പിൽ കഞ്ചാവ് ചെടിയുള്ളത് വഴിയേ പോകുന്നവരാണ് കണ്ടത്. പുല്ലുകൾക്കിടയിൽ വളർന്നു നിൽക്കുന്നത് കഞ്ചാവ് ചെടി തന്നെയെന്ന് ഉറപ്പ് വരുത്തിയ ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ. യു ജാബിർ, ബ്ലോക്ക് ട്രഷറർ ടി. എം ഷെഫീക്ക് എന്നിവർ ചാവക്കാട് എക്സൈസ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ചാവക്കാട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.ജെ.റിന്റോ യുടെ നേതൃത്വത്തിൽപ്രിവന്റീവ് ഓഫീസർമാരായ എബി അരുൺകുമാർ ടി ആർ സുനിൽ അനിൽ പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ ജംഷീർ റഫീഖ് എന്നിവരുടെ സംഘം സ്ഥലത്തെത്തി കഞ്ചാവ് ചെടിയുടെ നീളം ടാപ് ഉപയോഗിച്ച് അളന്നു 102 CM ഉയരം ഉണ്ടെന്ന് നിജപ്പെടുത്തി. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് കഞ്ചാവ് ചെടി എക്സൈസ് ഉദ്യോഗസ്ഥർ കൊണ്ടുപോയി. തൊണ്ടിമുതലുകളും അനുബന്ധ രേഖകളും ഓഫീസിൽ ഹാജരാക്കി കേസ് രജിസ്റ്റർ ചെയ്തു.

Comments are closed.