Header

ചാവക്കാട്ടുകാരി ആറാം ക്ളാസ് വിദ്യാർത്ഥിനിയുടെ ഷോർട്ട് ഫിലിം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു

ചാവക്കാട് : കുട്ടികൾക്കെതിരായ ലൈംഗിക അക്രമങ്ങൾക്കെതിരെയുള്ള സന്ദേശവുമായി ആറാം ക്ലാസുകാരി സംവിധാനം ചെയ്ത ഹൃസ്വചിത്രം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്നു.

ചാവക്കാട് ബൈപ്പാസിൽ താമസിക്കുന്ന സംവിധായകനും കഥാകൃത്തുമായ ഷെബി ചാവക്കാടിന്റെ മകളായ മെഹ്റിൻ ഷബീർ എഴുതി സംവിധാനം ചെയ്ത ‘പാഠം ഒന്ന് പ്രതിരോധം’ എന്ന ഹൃസ്വ ചിത്രമാണ് ദേശീയ ശ്രദ്ധ നേടിയത്.

കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി രാംദാസ് ആത്തവാലെയുടെ അഭിനന്ദന സന്ദേശം ലഭിച്ച സന്തോഷത്തിലാണ് മെഹ്റിൻ.

നവലോകം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളിയായ ശിശുദ്രോഹത്തിനെതിരെ ശക്തമായ പ്രതികരണമായി “പാഠം ഒന്ന് പ്രതിരോധം ” എന്ന ഹൃസ്വചിത്രം നില കൊള്ളുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. അതോടൊപ്പം ഈ ഷോർട്ട് ഫിലിമിന് യുവ വിദ്യാർത്ഥികളുടെ മനസിനെയും വ്യക്തിത്വത്തെയും സ്വാധീനിക്കാൻ കഴിയുമെന്നും കേന്ദ്രമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

5 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വചിത്രം മെഹ്റിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറക്കിയിരിക്കുന്നത്. മെഹ്റിൻ തന്നെയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു സിനിമ കണ്ട് മെഹ്‌റിനെ വിളിച്ച് അഭിനന്ദിക്കുകയും മെഹ്‌റിന്റെ അടുത്ത ഷോർട് ഫിലിമിന്റെ നിർമ്മാണം ഏറ്റെടുക്കാമെന്ന് വാഗ്ദാനവും നൽകിയിട്ടുണ്ട്.

കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റിയുള്ള വാർത്തകൾ ദിനേന മാധ്യമങ്ങളിൽ കാണുന്നുണ്ടെന്നും അതാണ് ഹ്രസ്വചിത്രത്തിലേക്ക് വഴി തെളിച്ചതെന്നും മെഹ്റിൻ പറയുന്നു. ഇത്തരം കേസുകളിൽ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവം പ്രതികൾ മാത്രം. ജയിലിലാവട്ടെ നല്ല ഭക്ഷണവും സുഖജീവിതവും. സ്വയം തയ്യാറെടുക്കുകയും ആക്രമണങ്ങളെ സ്വയം പ്രതിരോധിക്കുകയും ചെയ്യാൻ ചെറുപ്രായത്തിൽ തന്നെ പെൺകുട്ടികൾ പ്രാപ്തരാവണം എന്നതാണ് താൻ പങ്കു വെയ്ക്കുന്ന ആശയം എന്നും കുട്ടി വിവരിക്കുന്നു.

ഇതിനു മുമ്പ് “തുള്ളി” എന്ന കൊച്ചു ചിത്രം ഒരുക്കി സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു ഈ കൊച്ചു മിടുക്കി.

തിരുവനന്തപുരം ശ്രീനാരായണ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയാണ് മെഹ്റിൻ. മൂക്കുത്തല ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപികയായ മെഹ്സാന യാണ് മാതാവ്.

ക്യാമറയും എഡിറ്റിംഗും മെഹ്റിൻ്റെ സഹോദരൻ അഫ്നാൻ റെഫി നിർവഹിച്ചിരിക്കുന്നു. സുരേഷ് പുന്നശ്ശേരിൽ, തൻവീർ അബൂബക്കർ എന്നിവർ ചേർന്നാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്. സ്മിത ആൻ്റണി സംഗീതം. അസോസിയേറ്റ് ഡയറക്ടർ ദുൽഫൻ റെഫി. വിഷ്ണു രാംദാസ് ആണ് ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുഗൻ. ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ മുഹമ്മദ് റിഷിൻ.

Watch “PADAM 1 PRATHIRODHAM ( CHAPTER 1 DEFENCE)” on YouTube

https://youtu.be/hk8HMPinXI4

thahani steels

Comments are closed.