മുനക്കകടവ് പുലിമുട്ട് – സന്ദർശകർക്ക് കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്

ചാവക്കാട് : മുനക്കകടവ് അഴിമുഖത്തെ പുലിമുട്ടിലേക്ക് വിനോദ സഞ്ചാരികൾക്കും ചൂണ്ടയിടാൻ വരുന്നവർക്കും കർശന വിലക്കേർപ്പെടുത്തി ചാവക്കാട് പോലീസ്. കടപ്പുറം പഞ്ചായത്തിലെ മുനക്കകടവ് അഴിമുഖം പുലിമുട്ടിനു ബലക്ഷയം സംഭവിച്ചതും കടലേറ്റത്തിൽ തിരമാലകൾ അടിച്ചു കേറുന്നതും അപകടമുണ്ടാക്കുന്നതായി വാർഡ് മെമ്പർ സമീറ ഷരീഫ് പറഞ്ഞു. ചാവക്കാട് പോലീസും മുനക്കകടവ് കോസ്റ്റൽ പോലീസും പുലിമുട്ടിലെ അപകടമേഖല സന്ദർശിച്ചു. തുടർന്ന് പുലിമുട്ടിലേക്കുള്ള സന്ദർശകരെ തടയുന്നതിനു അപകട മുന്നറിപ്പ് ബോർഡ് സ്ഥാപിക്കാൻ കടപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി വൈ സാജിത, വാർഡ് മെമ്പർ എന്നിവർക്ക് മുനക്കകടവ് കോസ്റ്റൽ എസ് ഐ വി ലോഫി രാജ് നിർദേശം നൽകി. മുന്നറിയിപ്പ് ബോർഡ് വെച്ചതിനു ശേഷം പുലി മുട്ടിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ചാവക്കാട് സി ഐ വി വി വിമൽ അറിയിച്ചു. വാർഡ് മെമ്പർ സമീറ ഷരീഫ്, പൊതുപ്രവാർത്തകരായ കെ വി അഷ്‌റഫ്, പി എം ബീരു, എന്നിവർ പോലീസ് സംഘത്തെ അനുഗമിച്ചു.


Comments are closed.