ചാവക്കാട് താലൂക്ക് ആശുപത്രിയിലെ അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ

ചാവക്കാട് : താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ പി വിഭാഗവും ഇ ഹെൽത്ത് പദ്ധതിയും ഉദ്ഘാടനം നാളെ രാവിലെ ഒൻപതു മണിക്ക് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ഗുരുവായൂർ എം എൽ എ എൻ കെ അക്ബർ അധ്യക്ഷത വഹിക്കും.
ടി എൻ പ്രതാപൻ എം പി, മുൻ എം എൽ എ കെ വി അബ്ദുൽ ഖാദർ എന്നിവർ മുഖ്യാഥിതികളാകും.

ഔട്ട് പേഷ്യന്റ് (ഒ പി ) വിഭാഗത്തിൽ ഇനി വരി നിന്ന് ബുദ്ധിമുട്ടേണ്ടതില്ല. നാളെ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഒ പി കെട്ടിടത്തിൽ രോഗികൾക്കും കൂടെയുള്ളവർക്കും ഇരിക്കാനുള്ള വിശാലമായ സൗകര്യമുണ്ട്. ഇ എൻ ടി, ജനറൽ, ഗൈനക്കോളജി.. തുടങ്ങി ഒരു വിഭാഗത്തിനുമായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്‌ക്രീനുകളിൽ ടോക്കൺ നമ്പർ തെളിയും.
ഇരുന്ന് മുഷിയാതിരിക്കാൻ കാത്തിരിപ്പ് ഹാളിൽ ടി വി യുമുണ്ട്.
ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി UHID ( Unique Health Identification ) കഴിഞ്ഞ തിങ്കളാഴ്ച മുതൽ നിർബന്ധമാക്കിയിരുന്നു. ഈ ഐ ഡി ഉപയോഗിച്ച് വീട്ടിലിരുന്നും ഇനി ഒ പി ടിക്കറ്റ് എടുക്കാം. ഇ ഹെൽത് പദ്ധതി നടപ്പിലാവുന്നതോടെ ഒ പി ടിക്കറ്റിനുള്ള നീണ്ട വരി ഇനി കാണില്ല.


Comments are closed.