mehandi new

പൗരത്വ നിയമം: നഡ്ഡയുടെ പ്രസ്താവന പൗരന്മാരെ വെല്ലുവിളിക്കുന്നു

fairy tale

ചാവക്കാട് : രാജ്യം അടിസ്ഥാന പ്രശ്നങ്ങൾ കൊണ്ട് വീർപ്പുമുട്ടുമ്പോൾ ഭരണഘടനാ തത്ത്വങ്ങളെ കാറ്റിൽപറത്തി ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ ധൃതി കാണിക്കുന്നത് പൗരൻമാരോടുള്ള വെല്ലുവിളിയാണെന്ന് ചാവക്കാട് ചേർന്ന സെക്യുലർ ഫോറം യോഗം അഭിപ്രായപ്പെട്ടു.

planet fashion

പൗരത്വനിയമഭേദഗതി രാജ്യത്ത് നടപ്പാക്കുമെന്നും അതിനായുള്ള ചട്ടങ്ങളുണ്ടാക്കി വരികയാണെന്നും ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ബംഗാളിൽ പൊതുജന സംവാദത്തിൽ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു യോഗം.

ആരോഗ്യകരമായ ജീവിതത്തിനാവശ്യമായ ആഹാര ലഭ്യതയുടെ കാര്യത്തിൽ ഇന്നും ഇന്ത്യയുടെ അവസ്ഥ പരമ ശോചനീയമാണെന്ന ലോക വിശപ്പ് സൂചിക പുറത്തുവന്നതിൻ്റെ തൊട്ടടുത്ത ദിവസമാണ് വിഭാഗീയ അജണ്ട പുറത്തെടുത്തുവെന്നത് നിർഭാഗ്യകരമാണ്. 107 രാജ്യങ്ങളുടെ കണക്കെടുത്തതിൽ 94-ാമത് സ്ഥാനമാണ് നമ്മുടെ രാജ്യത്തിന്. യഥാസമയം ആവശ്യത്തിന് പോഷകമുള്ള ഭക്ഷണം കിട്ടാത്തതിനാൽ വളർച്ച മുരടിച്ച നാലര കോടിയിലേറെ കുട്ടികൾ ഇന്ത്യയിലുണ്ട്. ഇത്തരത്തിൽ ലോകത്താകെയുള്ള കുട്ടികളുടെ എണ്ണത്തിൻ്റെ മൂന്നിലൊന്നും ഇന്ത്യയിലാണ്.

സർക്കാറിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സമരവുമായി കർഷകർ തെരുവിലാണ്. സ്ത്രീപീഡനങ്ങളും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെ അടിമ സമാനമായ ജീവിതവും അപരിഹാര്യമായി തുടരുകയാണ്.

ഈ പ്രശ്നങ്ങൾക്കൊന്നും പരിഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ച് ചിന്തിക്കാതെ വിഭാഗീയ അജണ്ടകൾക്ക് തീകൊടുത്ത് മുഖ്യ ഉത്തരവാദിത്വത്തിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുകയാണ് സർക്കാർ ചെയ്യുന്നത്.

വിശപ്പുരഹിത പദ്ധതിക്ക് രൂപം നൽകുന്നതിനു പകരം വിവാഹപ്രായം 21 ലേക്ക് ഉയർത്താനാണ് പ്രധാനമന്ത്രി ധൃതി കൂട്ടുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫയൽ ചെയ്യപ്പെട്ട 143 അപ്പീലുകളിൽ തീർപ്പുകൽപ്പിക്കാതെ ഷഹീൻബാഗിലെ സമരത്തിൻ്റെ നൈതികതയാണ് കോടതി തീർപ്പാക്കുന്നത്.

വിദ്വേഷപ്രസംഗം നടത്തി
ഡൽഹി കലാപത്തിന് തിരികൊളുത്തിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു പകരം ഇരകളെ വേട്ടക്കാരാക്കി യുഎപിഎ ചുമത്താനാണ് ശ്രമിക്കുന്നത്.

അനീതിയുടെ അടിവേര് അറുക്കുന്നതിനു പകരം അനീതിയെ ജനാധിപത്യപരമായി ചോദ്യം ചെയ്യുന്നതിനെ കുറ്റകരമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. ഒരു ജനാധിപത്യ രാജ്യത്തിൻ്റെ വർത്തമാനകാല അവസ്ഥയാണിത്.

പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്ന നഡ്ഡയുടെ പ്രഖ്യാപനം കോവിഡിന് മുമ്പ് രാജ്യത്ത് അലയടിച്ച പ്രതിഷേധത്തിൻ്റെ കൊടുങ്കാറ്റ് ഇനിയും വിളിച്ചുണർത്തുമെന്ന് ഭരണക്കാർ ഓർക്കുന്നത് നല്ലതാണ്.

മുഖ്യ പ്രതിപക്ഷ കക്ഷികളും സിഎഎ വിരുദ്ധ സമരത്തിനായി രൂപംനൽകിയ സംവിധാനങ്ങളും ഉണർന്നെഴുന്നേൽക്കാൻ ഇനിയും സമയം വൈകരുത്.

ഇന്ത്യ എന്ന മഹാരാജ്യത്തിൻ്റെ സർവനാശം കാണാതിരിക്കാൻ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് സമരമുഖത്ത് ഒന്നിച്ചു നിന്ന് പോരാടാൻ ജനാധിപത്യ, മതേതര വിശ്വാസികളോട് സെക്യുലർ ഫോറം യോഗം ആഹ്വാനം നൽകി.
യോഗത്തിൽ ചെയർ മാൻ ടി.എസ്.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു.
ജന: കൺവീനർ നൗഷാദ് അഹമ്മു, ചീഫ് കോഡിനേറ്റർ നൗഷാദ് തെക്കുംപുറം, പി.ഐ.സൈമൺ മാസ്റ്റർ, ഫിറോസ് പി തൈപറമ്പിൽ, അക്ബർ പെലേംപാട്ട്, സി.വി.സുരേന്ദ്രൻ, പി.പി.അബ്ദുൽ സലാം, ഹക്കീം ഇംബാറക്ക്, സി.എം.ജെനീഷ്, ദുൽഹാൻ സുബൈർ, ലത്തീഫ് പാലയൂർ, ജമാൽ താമരത്ത്, കെ.വി.അമീർ, കെ.യു.കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Jan oushadi muthuvatur

Comments are closed.