പുന്നയൂർ ഗ്രാമപഞ്ചായത്ത് ‘ന്യൂട്രി സ്റ്റാർട്ട്’ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി; പ്രതിഷേധങ്ങൾക്കിടയിലും പരിപാടി വൻ വിജയം

ചാവക്കാട്: പുന്നയൂർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2026-27 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘ന്യൂട്രി സ്റ്റാർട്ട്’ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. എടക്കഴിയൂർ ആർ.പി.എം.യു.പി. സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ പൊന്നാനി എം.എൽ.എ ശ്രീ. പി. നൗഷാദ് അലി പദ്ധതി ഉദ്ഘാടനം ചെയ്തു. നാട്ടിൽ വലിയ ചർച്ചയായ പ്രസ്തുത പരിപാടിക്കെതിരെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധവും കരിങ്കൊടി കാണിക്കൽ സമരവും നടന്നിരുന്നു. എം.എൽ.എയുടെ നേരെയും കരിങ്കൊടി പ്രതിഷേധങ്ങൾ ഉണ്ടായെങ്കിലും, ഇത്തരം സംഘർഷങ്ങളെയും പ്രതിഷേധങ്ങളെയും പൂർണ്ണമായും മറികടന്നുകൊണ്ട് ഉദ്ഘാടനച്ചടങ്ങ് വളരെ മനോഹരവും കുറ്റമറ്റതുമായ രീതിയിൽ സംഘടിപ്പിക്കാൻ സാധിച്ചു. പൊന്നാനി എം.എൽ.എ അടക്കമുള്ളവർ പങ്കെടുത്ത ചടങ്ങ് ഒടുവിൽ വലിയ ജനപങ്കാളിത്തത്തോടെ മികച്ച വിജയമായി മാറി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. റസ്ല റഹീം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾക്ക് പോഷകസമ്പുദ്ധമായ ആഹാരം ലഭ്യമാക്കാനും, വിശപ്പില്ലാതെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കാനും, ആരോഗ്യപരമായ ഒരു തലമുറയെ വാർത്തെടുക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. കെ. ഷിബു, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി. ഷംസീറ അഷറഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കുകയും, നിർവഹണ ഉദ്യോഗസ്ഥ ശ്രീമതി. സുനിത മേപ്പൂരാത്ത് പദ്ധതിയുടെ വിശദീകരണം നടത്തുകയും ചെയ്തു. വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.




Comments are closed.