തീരദേശ പരിപാലന കരട് പ്ലാൻ – പുന്നയൂർ വില്ലേജിനെ 3B കാറ്റഗറിയിൽ നിന്നും ഒഴിവാക്കണം

മന്ദലാംകുന്ന് : തീരദേശ പരിപാലന കരട് പ്ലാനിൽ പുന്നയൂർ പഞ്ചായത്തിനെ crz 2 കാറ്റഗറിയിലോ പുന്നയൂർ വില്ലേജിനെ crz 3 A കാറ്റഗറിയിലോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള തീരദേശ പരിപാലന അതോറിറ്റി മെമ്പർ സെക്രട്ടറിക്ക് നിവേദനം നൽകി. പുന്നയൂർ പഞ്ചായത്ത് മെമ്പർ അസീസ് മന്ദലാംകുന്നാണ് നിവേദനം നൽകിയത്.
തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തീരദേശ പരിപാലന പ്ലാൻ പബ്ലിക് ഹിയറിങ്ങിൽ വെച്ച് പഞ്ചായത്ത് അംഗങ്ങളായ ടി.വി മുജീബ് റഹ്മാൻ, സുബൈദ പുളിക്കൽ, ബിൻസി റഫീഖ് എന്നിവരുടെ സാനിദ്ധ്യത്തിലാണ് നിവേദനം നൽകിയത്.

2019 ലെ CRZ കരട് പ്ലാൻ പ്രകാരം
പുന്നയൂർ പഞ്ചായത്തിൽ 3 A യും 3 B യും ഉൾപ്പെട്ടിട്ടുണ്ട്. രണ്ടു വില്ലേജുകൾ ഉൾപ്പെടുന്ന പുന്നയൂർ പഞ്ചായത്തിലെ എടക്കഴിയൂർ വില്ലേജിൽ 3 A യും പുന്നയൂർ വില്ലേജിൽ 3 B യുമാണ്. 3 A യിൽ HTL(High Tide Line-ഉയർന്ന വേലിയേറ്റ രേഖ) നിന്ന് 50 മീറ്റർ കഴിഞ്ഞാൽ നിർമ്മാണം നടത്താം. എന്നാൽ 3 B യിൽ 200 മീറ്റർ കഴിഞ്ഞേ നിർമ്മാണം നടത്താൻ പാടുള്ളൂ. Crz 2 കാറ്റഗറിയിൽ നിയന്ത്രണം ഇല്ലാതെ നിർമ്മാണം നടത്താൻ സാധിക്കും.
2011 ലെ സെൻസസ് മാത്രം അടിസ്ഥാനമാക്കി ചതുരശ്ര കിലോമീറ്ററിൽ 2161 ജനസംഖ്യ കണക്കാക്കിയുള്ള ഈ തരം തിരിവ് പുന്നയൂർ വില്ലേജിലെ ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തുന്നതാണ്. 2011 ന് ശേഷം ജനസംഖ്യയിൽ ഉണ്ടായിട്ടുള്ള വർദ്ധനവ് വളരെ കൂടുതലാണ്. ഇരു വില്ലേജിലെയും ജനസാന്ദ്രതയും ജീവിത നിലവാരവും ഒരേ രീതിയിൽ ആയിരിക്കെ ഇത് പുന്നയൂരിലെ തീരദേശ വാസികൾക്ക് വലിയ പ്രയാസം സൃഷ്ടിക്കും. പാവപ്പെട്ട മത്സ്യ തൊഴിലാളികൾ അവരുടെ അദ്ധ്വാനത്തിന്റെ വലിയ പങ്കും ഉപയോഗിച്ച് വാങ്ങിയിട്ടുള്ള ഭൂമിയിൽ നിർമ്മാണം നടത്താൻ സാധിക്കാതെ വരും.
പുന്നയൂർ പഞ്ചായത്തിനെ നിർമ്മാണങ്ങൾക്ക് നിയന്ത്രണമില്ലാത്ത 2 കാറ്റഗറിയിലോ അല്ലെങ്കിൽ പുന്നയൂർ വില്ലേജിനെ എടക്കഴിയൂരിന് സമാനമായി 3 A വിഭാഗത്തിലോ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

Comments are closed.