ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിവരുന്ന ഡയാലിസിസ് കൂപ്പണിന്‍റെ നൂറാം മാസത്തെ വിതരണം ഏപ്രില്‍ ഒന്നിന് നടക്കുമെന്ന് ജനറല്‍ സെക്രട്ടറി സി. എം. ജനീഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് ചാവക്കാട് കണ്‍സോള്‍ കോര്‍ണറില്‍ നടക്കുന്ന നൂറാം മാസത്തെ ഡയാലിസിസ് കൂപ്പണ്‍ വിതരണം സി. എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്യും. കണ്‍സോള്‍ മാനേജിങ് ട്രസ്റ്റി ഇ. പി. മൂസ ഹാജി അധ്യക്ഷനാവും. കണ്‍സോള്‍ സഹായനിധിയിലേക്ക് സംഭാവന നല്‍കുന്ന ചാരിറ്റി മിഷന്‍ അംഗങ്ങളില്‍ നിന്നുള്ള ഫണ്ട് ശേഖരണവും ഇതോടൊപ്പം നടക്കും. പാവപ്പെട്ട വൃക്കരോഗികള്‍ക്ക് മാസം തോറും ഡയാലിസിസിനുള്ള സഹായം നല്‍കുന്ന പദ്ധതി എട്ടു വര്‍ഷം മുമ്പാണ് സംഘടന ആരംഭിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രോഗികള്‍ക്ക്  ചികിത്സ സഹായവും അനുബന്ധ സംരക്ഷണവും നല്‍കുന്നതോടൊപ്പം രോഗമില്ലാത്ത സമൂഹത്തെ ലക്ഷ്യം വെച്ച് ബോധവത്കരണ ക്ലാസുകളും  ക്യാമ്പുകളും സംഘടന നടത്തുന്നുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. മറ്റ് ഭാരവാഹികളായ വി.കാസിം, സി. കെ. ഹക്കീം ഇംബാര്‍ക്ക്, എം. കെ. നൗഷാദലി, വി. എം. സുകുമാരന്‍, കെ. എം. റഹ്മത്തലി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു