ഗുരുവായൂർ മേൽപ്പാല നിർമാണം ബുധനഴ്ച്ച ആരംഭിക്കും – 2022 ആഗസ്റ്റിൽ പണി പൂർത്തീകരിക്കും
ഗുരുവായൂർ : ഗുരുവായൂർറെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണം നവംബർ പത്ത് ബുധനാഴ്ച ആരംഭിക്കും. നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കുടിവെള്ളം, വൈദ്യുതി, ഗതാഗതം തുടങ്ങിവയുടെ ക്രമീകരണത്തിനു തീരുമാനമായി.
എം എൽ എ എൻ കെ അക്ബർ, കളക്ടർ ഹരിത വി കുമാർ, നഗരസഭ ചെയർമാൻ എം കൃഷ്ണകുമാർ, എ സി പി കെ ജി സുരേഷ് എന്നിവരടങ്ങിയ സംഘം രാവിലെ നിർദ്ധിഷ്ട നിർമ്മാണ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് നഗരസഭ കോൺഫറൻസ് ഹാളിൽ ഗുരുവായൂർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു.
നവംബർ 10 മുതൽ മേൽപ്പാല നിർമ്മാണം ആരംഭിക്കുന്നതിന് യോഗത്തിൽ തീരുമാനമായി.
തൃശൂരിൽ നിന്നും വരുന്ന ബസുകൾക്ക് റെയിൽവേ ക്രോസിന് മറുഭാഗത്തായി പാർക്കിംഗ് ക്രമീകരണം നടത്തുന്നതിന് ചെയർമാൻ, എ സി പി എന്നിവരെ ചുമതലപ്പെടുത്തി.
നിർമ്മാണ സ്ഥലത്തെ വാട്ടർ അതോറിറ്റിയുടെയും കെ എസ് ഇ ബി യുടെയും പ്രവർത്തികൾ നവംബർ പത്തിന് മുൻപ് നടപ്പാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനമായി.
ബസുടമകളുടെയും, ടാക്സി, ഓട്ടോ തൊഴിലാളികളുടെയും യോഗം വിളിച്ചു ചേർക്കുന്നതിന് തീരുമാനിച്ചു.
ഗതാഗത ക്രമീകരണം എർപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള മറ്റ് റോഡുകളിലെ അടിയന്തിര അറ്റകുറ്റപണികൾ ചെയ്യുന്നതിന് തീരുമാനിച്ചു.
മേൽപ്പാല നിർമ്മാണ പ്രവർത്തി എല്ലാ ദിവസവും മോണിറ്റർ ചെയ്യുന്നതിന് ഗുരുവായൂർ നഗരസഭ സെക്രെട്ടറിയെ ചുമതലപ്പെടുത്തി. എല്ലാ ദിവസവും പ്രവർത്തി സംബന്ധിച്ച പുരോഗതി സെക്രട്ടറി കളക്ടർക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. യോഗത്തിൽ നഗരസഭ സെക്രട്ടറി പങ്കെടുക്കാത്തതിൽ കളക്ടർ അതൃപ്തി അറിയിച്ചു.
ഗുരുവായൂരിൽ മണ്ഡല- മകരവിളക്ക് സീസൺ നവംബർ 15ന് ആരംഭിക്കുന്നതിനാൽ മേൽപ്പാല നിർമ്മാണം, അമൃത് കുടിവെള്ള പദ്ധതി എന്നിവയുടെ ഭാഗമായി റോഡുകൾ അടക്കേണ്ടി വരുന്ന സാഹചര്യത്തിൽ കാര്യക്ഷമമായ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ ഗുരുവായ്യർ നഗരസഭ ചെയർമാൻ, എ സി പി തഹസിൽദാർ എന്നിവരെ ചുമതലപ്പെടുത്തി.
മേൽപ്പാല നിർമ്മാണ പ്രവർത്തി 2022 ആഗസ്റ്റിൽ പൂർത്തികരിക്കുമെന്ന് നിർമ്മാണ ഏജൻസിയായ ആർബിഡിസികെ പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു.
Comments are closed.