Header

ഗുരുവായൂരില്‍ പാചക വാതകം ചോര്‍ന്ന് ഫ്ലാറ്റിനു തീപിടിച്ച് വൃദ്ധദമ്പതികള്‍ക്ക് പൊള്ളലേറ്റു

ഗുരുവായൂര്‍: ഗുരുവായൂരില്‍ പാചക വാതകം ചോര്‍ന്ന് ഫ്ലാറ്റിനു തീപിടിച്ച് താമസക്കാരായ വൃദ്ധദമ്പതികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷാപ്രവര്‍ത്തനത്തിനിടെ ഫയര്‍മാനും പരിക്കു പറ്റി. പടിഞ്ഞാറെ നടയിലുള്ള ഗുരുവായൂര്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലുള്ള ശ്രീവൈകുണ്ഡം എന്ന ഫ്ലാറ്റിനകത്താണ് രാവിലെ എട്ടരയോടെ തീപിടുത്തമുണ്ടായത്. പാചകവാതകം ചോര്‍ന്നതാണ് തീപിടുത്തതിന് കാരണമെന്ന് കരുതുന്നു. അടുപ്പിന് സമീപമുള്ള കര്‍ട്ടണ് തീപിടിക്കുകയും പിന്നീടത് മറ്റിടങ്ങളിലേക്ക് ആളിപടരുകയുമായിരുന്നു. ഫ്ലാറ്റിലെ താമസക്കാരും തിരുവനന്തപുരം സ്വദേശികളുമായ സദാശിവന് നായര്‍(86)‍, ഭാര്യ സത്യഭാമ(75)എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരുടെ നിലവിളിയും പുകയും കണ്ട് നാട്ടുകാരെത്തിയാണ് ദമ്പതികളെ പുറത്തേക്കെത്തിച്ചത്. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ പരിക്ക് ഗുരുതരമായതനാല്‍ പിന്നീട് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫ്ലാറ്റിനകത്തെ സാധന സാമഗ്രികളെല്ലാം കത്തി നശിച്ചു. ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സില്‍ നിന്നുള്ള രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്. സ്‌റ്റേഷന്‍ ഓഫീസര്‍ എം.ആര്‍.അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഒരു മണിക്കൂറോളം സമയമെടുത്താണ് തീ പൂര്‍ണ്ണമായും അണക്കാനായത്. ഫ്ലാറ്റിനകത്ത് നിന്ന് ശക്തമായ പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. രണ്ടാം നിലയിലേക്ക് വെള്ളമെത്തിക്കാന്‍ ഫയര്‍ഫോഴ്‌സിന് ഏറെ പാട് പെടേണ്ടി വന്നു. ഫ്ലാറ്റിന് പുറകിലെ ചില്ല് തകര്‍ത്താണ് വെള്ളമെത്തിച്ചത്. ചില്ല് തകര്‍ക്കാനുള്ള ശ്രമത്തിനിടെയാണ് ഗുരുവായൂര്‍ ഫയര്‍‌സ്റ്റേഷനിലെ ഡ്രൈവര്‍ പി മഹേഷിന് പരിക്കേറ്റത്. മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍പ്രവേശിപ്പിച്ച മേഹഷിന്റെ കൈക്ക് അഞ്ചു തുന്നലിടേണ്ടി വന്നു.

Comments are closed.