സി പി ഐ യോഗത്തിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർക്കെതിരെ രൂക്ഷവിമർശനം; വോട്ട് കുറഞ്ഞതിന് കാരണം സുമേഷിന്റെ ധാർഷ്ട്യമെന്ന് വിലയിരുത്തൽ

ചാവക്കാട്: കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗവും എൽ.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറുമായ സി. സുമേഷിനെതിരെ രൂക്ഷമായ വിമർശനം. സി സുമേഷിന്റെ ഏകാധിപത്യപരമായ നിലപാടുകളും ധാർഷ്ട്യവും അണികളെ എൽ.ഡി.എഫിൽ നിന്ന് അകറ്റിയെന്നും, ഇത് മണ്ഡലത്തിൽ മുന്നണിയുടെ ഭൂരിപക്ഷം കുറയുന്നതിന് കാരണമായെന്നും യോഗത്തിൽ വിമർശനമുയർന്നു. മുന്നണിയിലെ ഐക്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് കൺവീനറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സി.പി.ഐ നേതാക്കളുടെ പ്രധാന ആക്ഷേപം. കൂടാതെ, സി.പി.ഐ പ്രവർത്തകരെ പാർട്ടിയിൽ നിന്നും അടർത്തിയെടുത്ത് സി.പി.എമ്മിലേക്ക് ചേർക്കാൻ ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നേരിട്ട് ഇടപെട്ടതായും യോഗത്തിൽ ആക്ഷേപമുയർന്നു. എം.എൽ.എയുടെ ഈ നടപടി സി.പി.ഐ പ്രവർത്തകർക്കിടയിൽ വ്യാപകമായ അതൃപ്തിക്ക് കാരണമായി. സി.പി.എമ്മിന്റെ ഇത്തരം ഏകപക്ഷീയമായ നീക്കങ്ങളും കൺവീനറുടെ പെരുമാറ്റവുമാണ് ഗുരുവായൂരിൽ എൽ.ഡി.എഫിന് വോട്ട് കുറയാൻ ഇടയാക്കിയതെന്നാണ് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ വത്സരാജിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന്റെ പൊതുവിലയിരുത്തൽ. വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിൽ ഈ വിഷയം കൂടുതൽ ചർച്ചകൾക്ക് വഴിവെച്ചേക്കും


Comments are closed.