പത്രികകൾ തള്ളിയതിന് പിന്നിൽ സി.പി.എം – ബി.ജെ.പി കൂട്ടുകെട്ട് – യു ഡി എഫ്

പുന്നയൂർ : ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മന്ദലാംകുന്ന്, എടക്കഴിയൂർ ഡിവിഷനുകളിൽ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രികകൾ തള്ളിയത് പുന്നയൂരിലെ സി.പി.എം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. മന്ദലാംകുന്ന് ഡിവിഷനിൽ സി.പി.എമ്മിലെ സബിത സദാനന്ദന്റെയും എടക്കഴിയൂർ ഡിവിഷനിൽ ബി.ജെ.പിയിലെ സബിത ചന്ദ്രന്റെയും പത്രികകളാണ് തള്ളിയത്. ഇതോടെ മന്ദലാംകുന്ന് ഡിവിഷനിൽ യു.ഡി.എഫിലെ സുബൈദ പാലക്കൽ, ബി.ജെ.പിയിലെ സ്മിത സജീഷ്, എസ്.ഡി.പി.ഐയിലെ നിഹാല ഒലീദ് എന്നിവർ മാത്രമായി മാറി.

ഇത് പുന്നയൂരിലെ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിൽ ബി.ജെ.പിയെ സഹായിച്ച്, പുന്നയൂർപഞ്ചായത്തിൽ ബി.ജെ.പിയുടെ സഹായം സിപിഎമ്മിന് ലഭിക്കുന്നതിനുള്ള ധാരണയുടെ ഭാഗമാണ്.
പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്തുകളിലെ മറ്റു ഡിവിഷനുകളിലൊക്കെ ഡെമ്മി സ്ഥാനാർത്ഥികളെ കൊടുത്തിട്ടും ഇവിടങ്ങളിൽ മാത്രം നൽകാതിരുന്നത് ഇതിന്റെ ഭാഗമാണ്. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി,സി.പി.എം ഭരിക്കുന്ന പുന്നയൂർ പഞ്ചായത്തിൽ, ബിജെപിക്ക് അനുകൂലമായി മൂന്ന് സീറ്റുകൾ ലഭിക്കും വിധമാണ് വാർഡ് വിഭജനവും നടത്തിയിട്ടുള്ളത്.
ഇത് നേരത്തെ യു.ഡി.എഫ് ആരോപിച്ചിട്ടുള്ളതാണ്. ഈ കൂട്ടുകെട്ടിലൂടെയാണ് കഴിഞ്ഞ തവണ സി.പി.എം ഭരണം പിടിച്ചത്. ഇത് പുന്നയൂരിലെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും ഇതിനെതിരെ പുന്നയൂരിലെ മതേതര വിശ്വാസികൾ തെരഞ്ഞെടുപ്പിൽ വിധിയെഴുതുമെന്നും യു.ഡി.എഫ് പുന്നയൂർ പഞ്ചായത്ത് നേതാക്കളായ ചെയർമാൻ ഐ.പി രാജേന്ദ്രൻ കൺവീനർ പി.എ നസീർ കെ.കെ ഷുക്കൂർ, ടി.കെ ഉസ്മാൻ എന്നിവർ പറഞ്ഞു

Comments are closed.