പാലയൂർ തീർത്ഥകേന്ദ്രത്തിൽ ദുക്റാന തിരുനാൾ നാളെ; കാൽലക്ഷം പേർക്ക് നേർച്ചയൂട്ട്, ഒരുക്കങ്ങൾ പൂർത്തിയായി

പാലയൂർ: ആഗോള പ്രശസ്തമായ പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിൽ ഭക്തിനിർഭരമായ ദുക്റാന തിരുനാളിനും നേർച്ചയൂട്ടിനുമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തീർത്ഥകേന്ദ്രം ആർച്ച്പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ അറിയിച്ചു. നാളെ (ജൂലൈ 3) നടക്കുന്ന തിരുനാളിനോടനുബന്ധിച്ച് കാൽലക്ഷത്തോളം വിശ്വാസികൾക്കുള്ള നേർച്ചയൂട്ടിനാണ് സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് കൺവീനർ പോൾ കെ. ജെ. വ്യക്തമാക്കി. ഭക്തജനങ്ങൾക്ക് നേർച്ചയൂട്ടും നേർച്ചപ്പായസവും പാർസലായി കൊണ്ടുപോകുന്നതിനുള്ള പ്രത്യേക ക്രമീകരണങ്ങളും തീർത്ഥകേന്ദ്രത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

പ്രധാന തിരുക്കർമ്മങ്ങൾ:
- രാവിലെ 06:30: ദിവ്യബലി. തുടർന്ന് ചരിത്രപ്രസിദ്ധമായ തളിയകുളത്തിൽ നിന്ന് കൊടിയേറ്റ പ്രദക്ഷിണവും ദുക്റാന ഊട്ട് ആശീർവാദവും നടക്കും.
- രാവിലെ 09:30: ആഘോഷമായ തിരുനാൾ കുർബാനയും തിരുനാൾ കൊടികയറ്റവും. പാലക്കാട് രൂപത അധ്യക്ഷൻ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് ഇടവകയിലെ തോമസ് നാമധാരികളുടെ പ്രത്യേക സമർപ്പണവും ഉണ്ടായിരിക്കുന്നതാണ്.
- വൈകുന്നേരം 04:00: റവ. ഫാദർ ബിജു പാണേങ്ങാടന്റെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിനിർഭരമായ റാസ കുർബാന. റവ. ഫാദർ ക്ലിന്റ് പാണേങ്ങാടൻ, റവ. ഫാദർ ജാക്സൺ തെക്കേക്കര എന്നിവർ സഹകാർമ്മികരാകും.നാളെ രാവിലെ 6:30 മുതൽ വൈകുന്നേരം 4 മണി വരെ തീർത്ഥകേന്ദ്രത്തിൽ തുടർച്ചയായി ദിവ്യബലികൾ ഉണ്ടായിരിക്കും. അസിസ്റ്റന്റ് വികാരി ഫാ. നിതിൻ താഴത്ത്, ഇടവക ട്രസ്റ്റിമാരായ ഹൈസൺ പി. എ., ഫ്രാൻസി ചോവല്ലൂർ, സേവിയർ വാകയിൽ, ഫ്രാൻസിസ് ചിരിയംകണ്ടത്ത്, ജനറൽ കൺവീനർ ഷാജു താണിക്കൽ, ഫ്രാൻസിസ് എം. എൽ. തുടങ്ങിയ വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് തിരുനാൾ വിജയത്തിനായുള്ള അവസാനവട്ട ക്രമീകരണങ്ങൾ പുരോഗമിക്കുന്നത്.


Comments are closed.