mehandi new

വിദഗ്ദ്ധസംഘം എത്തി – ഭൂമികുലുക്കമല്ല, തിരുവത്രയിൽ സംഭവിച്ച ഭൗമ പ്രതിഭാസത്തിൽ ആശങ്ക വേണ്ട

fairy tale

തിരുവത്ര : ചാവക്കാട് തിരുവത്ര പുതിയറയിൽ ഇന്നലെ കെട്ടിടങ്ങൾക്ക് വിള്ളൽ സംഭവിച്ച സ്ഥലങ്ങൾ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം വിദഗ്ദ്ധസംഘം സന്ദർശിച്ചു. കെട്ടിടങ്ങക്ക് സംഭവിച്ച കേടുപാടുകളും പരിസര പ്രദേശങ്ങളും സംഘം നിരീക്ഷിച്ചു, നാട്ടുകാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഭൂമികുലുക്കം സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 

ഇന്നലെയുണ്ടായ ഭൗമ പ്രതിഭാസത്തിൽ കേടുപാടുകൾ റിപ്പോർട്ട് ചെയ്ത ചാവക്കാട് നഗരസഭയിലെ വാർഡ്‌ 32 ൽ പുതിയറ മസ്ജിദിനു പടിഞ്ഞാറ് ആർ സി ക്വർട്ടഴ്സിലെ ഏഴു ലൈൻ വീടുകൾ, താഴത്ത് സലാമിന്റെ ക്വർട്ടഴ്സിന്റെ മുകൾ ഭാഗം, കേരന്റകത്ത് ഫൈസൽ, സൈഫുള്ള റോഡിൽ ഇ എം ഷാഹുൽ ഹമീദ്, സഹോദരൻ ഇ എം ഹംസു,  തിരുവത്ര അത്താണി  കല്ലുവളപ്പിൽ നൗഷാദ് എന്നിവരുടെ വീടുകൾ സംഘം സന്ദർശിച്ചു. 

മണൽ പ്രദേശ മായതിനാൽ  കാലാവസ്ഥ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ഭൂമിക്കടിയിലെ സങ്കോചവികസങ്ങൾ  കെട്ടിടങ്ങളുടെ അടിത്തറയിലുണ്ടാക്കുന്ന നേരിയ ചലനങ്ങൾ ഭിത്തികളിൽ വിള്ളൽ വീഴ്ത്താൻ കാരണമാകുമെന്ന് ജില്ലാ ജിയോളജിസ്റ്റ് ഡോ. എ കെ മനോജ്‌ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിന്റെ വടക്കൻ മേഖലയിൽ പലയിടത്തും ഇത്തരം ഭൗമ പ്രതിഭാസം പ്രകടമായിട്ടുണ്ട്. വിശദമായ പഠനത്തിന് ശേഷം മാത്രമാണ് കൃത്യമായ കാരണങ്ങൾ മനസ്സിലാക്കാൻ കഴിയുകയുള്ളൂ.  മാറിത്താമസിക്കേണ്ടതോ, ആശങ്കപ്പെടേണ്ടതോ ആയ യാതൊരു സാഹചര്യവും മേഖലയിൽ നിലവിലില്ലെന്ന് സ്ഥലം സന്ദർശിച്ച വിദഗ്ദ്ധ സംഘം അറിയിച്ചതായി ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജാ പ്രശാന്ത് പറഞ്ഞു.

ഹൈഡ്രോ ജിയോളജിസ്റ്റ് കെ ലീന, അസിസ്റ്റന്റ് ജിയോളജിസ്റ്റ് തുളസി രാജ്, തഹസിൽദാർ ടി പി കിഷോർ, ചാവക്കാട് വില്ലേജ് ഓഫീസർ ഡി എസ് അനിൽകുമാർ, അസിസ്റ്റന്റ് ഓഫീസർ റിജിത്, പി ഡബ്ല്യൂ ഡി ഓവർസിയർ ടി എം ശിഖ ദാസ്,  ചാവക്കാട് നഗരസഭ ഓവർസിയർ പി എസ് ഷീജ  എന്നിവർ ഉൾപ്പെടെയുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. നഗരസഭ ചെയർപേഴ്സൺ ഷീജാ പ്രശാന്ത് സംഘത്തെ അനുഗമിച്ചു.

planet fashion

Comments are closed.