വിശ്വാസ സംരക്ഷണ യാത്രയ്ക്കു ഉജ്ജ്വല സമാപനം
ചാവക്കാട് : മാർ തോമാ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ വാർഷികത്തിന്റെ ഭാഗമായി വിശ്വാസം ഉറക്കെ പ്രഖ്യാപിക്കാനും വെല്ലുവിളികളെ ചങ്കുറപ്പോടെ നേരിടാനും ലക്ഷ്യം വെച്ച് അതിരൂപതയിലെ 16 ഫൊറാനകളിലൂടെ കടന്നുവന്ന ദീപശിഖ പ്രയാണം, പതാക പ്രയാണം, ഛായ ചിത്ര പ്രയാണം എന്നിവ ഇന്ന് വൈകീട്ട് 5 മണിക്ക് ചാവക്കാട് വസന്തം കോർണറിൽ എത്തിച്ചേർന്നു. അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
മതസൗഹാർദ്ദ അന്തരീക്ഷം നിലനിർത്താൻ നാം പരിശ്രമിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഡ്വ.ബിജു കുണ്ടുകുളം മുഖ്യ പ്രഭാക്ഷണം നടത്തി. മോൺ. ജോസ് വള്ളൂരാൻ, ചാൻസലർ റവ ഡൊമിനിക് തലക്കോടൻ, റവ ഫാദർ വർഗീസ് കുത്തൂർ, റവ ഫാദർ ഡേവിസ് കണ്ണമ്പുഴ, പി ഐ ലാസർ മാസ്റ്റർ, സി കെ ജോസ് എന്നിവർ സംസാരിച്ചു. തുടർന്ന് പദയാത്രയായി ദീപശിഖയും പതാകയും ഛായ ചിത്രവും മണ്ണും എടുത്തു കൊണ്ട് പാലയൂർ തീർത്ഥകേന്ദ്രത്തിലേക്ക് നീങ്ങി. സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ മേരി റെജീന എന്നിവർ പദയാത്രയിൽ പങ്കെടുത്തു.
Comments are closed.