mehandi new

അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെ വിമർശിച്ച് സിപിഐഎം നേതാവിന്റെ എഫ് ബി പോസ്റ്റ് വയറൽ

fairy tale

planet fashion

ഗുരുവായൂർ : തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉച്ച പൂജ കഴിഞ്ഞ സമയത്താണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ത സംഘം ദര്‍ശനം നടത്തി പുറത്തിറങ്ങിയത്.

ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനേത്തുടര്‍ന്ന് അഞ്ച് ഓതിക്കന്മാര്‍ ചേര്‍ന്ന് മഹാ പുണ്യാഹം നടത്തി. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തന്നെ ബിംബശുദ്ധിയും നടത്തി. മഹാപുണ്യാഹം കാരണം വൈകിട്ട് അത്താഴ പൂജക്ക് ശേഷമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയുണ്ട്. ഈ സ്വാതന്ത്ര്യം കേരളത്തിലുമുണ്ടാകുമെന്ന് കരുതിയാകാം ക്രിസ്ത്യന്‍ സമുദായക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് വിവരമുണ്ട്.

ഇതര മതക്കാര്‍ കയറിയതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെതിരെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം സുമേഷ് സി രംഗത്തെത്തി. മനുഷ്യനെ മതത്താലും ജാതിയാലും അയിത്തം കല്‍പ്പിക്കുന്ന ദൈവമുണ്ടോയെന്ന് സുമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നാം യഥാര്‍ത്ഥ വഴിയിലൂടെ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവവും അവര്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ല. എന്നാല്‍ ആ നന്മനിറഞ്ഞ ദൈവത്തേയും ദര്‍ശനത്തെയും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മേധാവിത്തവര്‍ഗ്ഗവും അവരുടെ അധികാരത്തിന് ആശയാടിത്തറയുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന പൗരോഹിത്യവുമാണിവിടെ ഈ അയിത്തത്തിന്റെ വിധികര്‍ത്താക്കളെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

‘ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ തമിഴ് കൃസ്ത്യന്‍ ഭക്തര്‍ പരസ്പരം പേര് വിളിച്ച് സംസാരിച്ചില്ലെങ്കില്‍ ഇത് ആര് അറിയുന്നു? എത്രയോ ഭക്തിയുള്ള ഇതരമതസ്ഥര്‍ ആരും അറിയാതെ ദൈവത്തെ തൊഴുതു മടങ്ങിയിട്ടുണ്ടാകാം. അങ്ങനെ അകത്തു കയറിയപ്പോള്‍, അയിത്തമായതിനാല്‍, ഗുരുവായൂരപ്പന്‍ ശ്രീകോവിലില്‍ നിന്ന് എഴുന്നേറ്റുപോയോ? അങ്ങനെ പോയിരുന്നെങ്കില്‍ ക്ഷേത്രം കത്തിയ അരനൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1970 നവംമ്പര്‍ 29ന് അര്‍ദ്ധരാത്രിയില്‍ തന്നെ ഗുരുവായൂരപ്പന്‍ അവിടെ നിന്ന് എഴുന്നേറ്റുപോയിട്ടുണ്ടാവണം. കാരണം അന്ന് തീയണക്കാന്‍ ഓടികൂടിയവരില്‍ എത്രയോ പേര്‍ അന്യമതസ്ഥര്‍ ഉണ്ടായിരുന്നു,

തമിഴ് കുടുംബം ദര്‍ശനത്തിന് പ്രവേശിച്ചത് ഇതര മതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനമില്ലെന്ന കാര്യം അറിയാതെ ആയിരിക്കാമെന്നും സിപിഐഎം നേതാവ് പറഞ്ഞു. കാരണം തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ ഇതനുവദനീയമാണത്രേ? അല്ല പുരോഹിതരെ. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ഹിന്ദുക്കളും ദൈവങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടോ? ദൈവങ്ങള്‍ക്ക് അയിത്തമുണ്ടോയെന്നും സുമേഷ് സി ചോദിച്ചു.

‘ജാതീയമായ അയിത്തത്തിനെതിരെ നടന്ന 1931 ലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനും അതിന്റെ തുടര്‍ച്ചയായി ക്ഷേത്രം അവര്‍ണ്ണ ജാതിക്കാര്‍ക്കായി തുറന്നു കൊടുത്ത 1946 ജൂണ്‍ 2നും മുമ്പൊക്കെ ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറിയാലും ഈ മഹാപുണ്യാഹം നടത്തിയിരുന്നില്ലേ? ഇപ്പോള്‍ ഈ അവര്‍ണ്ണര്‍ ക്ഷേത്രദര്‍ശനം നടത്താനാരംഭിച്ചതു മുതല്‍ ദൈവം ക്ഷേത്രം വിട്ടു പോയോ?

ഭഗവത്ഗീതയില്‍ ആരാണ് യഥാര്‍ത്ഥ ഭക്തര്‍ എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ അര്‍ജ്ജുനനോട് പറയുന്നില്ലേ? ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാമധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതിതാണ്: ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര: കരുണ എവ ച നിര്‍മമോ നിരഹങ്കാര: സമദുഃഖ: സുഖ: ക്ഷമീ. സന്തുഷ്ട: സതതം യോഗീ, യതാത്മാ ദൃഢനിശ്ചയ: മയ്യര്‍പ്പിത മനോ ബുദ്ധിര്‍ യോ മദ് ഭക്ത: സ മേ പ്രിയ’ അതായത് ,ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനും ആയിരിക്കും ഭക്തന്‍ എന്നാണ്.

ഈ പുണ്യാഹം കല്‍പ്പിച്ച എത്ര പുരോഹിതര്‍ ഈ ഗണത്തില്‍പ്പെടും? ഒരു പക്ഷെ ഈ ഗുണങ്ങള്‍ ചേരുന്നത് ആ അയിത്തം കല്‍പ്പിച്ച ക്രിസ്തീയ കുടുംബത്തിനാണെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ ഇതില്‍ ആരുടെ ഭാഗത്തായിരിക്കും. ഈ പുരോഹിതന്‍മാരും കപട ഭക്ത മണ്ടശിരോമണികളും പൊക്കി പിടിച്ചു നടക്കുന്ന ഭഗവത്ഗീതയില്‍ തന്നെ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നു. യഥാര്‍ത്ഥ ക്ഷേത്രം ഹൃദയമാണെന്ന് അവിടെയാണ് ഈശ്വരനെന്നും, എല്ലാവരുടേയും ഹൃദയത്തില്‍ ഈശ്വരനുണ്ടെന്നും പറയുന്നു.

‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീതിയതേ ‘, ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി ‘ഭഗവത് ഗീതയില്‍ എവിടെയെങ്കിലും ഇത് ഹിന്ദുകള്‍ക്ക് മാത്രം ബാധകമായതാണെന്ന് പറയുന്നുണ്ടോ? ഹിന്ദു …. ഹിന്ദുക്കള്‍ …. ഈ വാക്കുകള്‍ വേദങ്ങളിലുണ്ടോ? ആരണ്യകങ്ങളിലുണ്ടോ? ബ്രാഹ്മണങ്ങളില്‍ ഉണ്ടോ? ഉപനിഷത്തുകളിലുണ്ടോ? 18 പുരാണങ്ങളില്‍ ഉണ്ടോ? ഉപപുരാണങ്ങളില്‍ ഉണ്ടോ? ഇതിഹാസങ്ങളിലുണ്ടോ? ഭഗവത്ഗീതയിലുണ്ടോ? ഭാഗവതത്തില്‍ ഉണ്ടോ? ഇല്ല.

പേര്‍ഷ്യര്‍ക്കാര്‍ അറേബ്യക്കാര്‍ ‘സ’ കാരം ഇല്ലാത്ത അവരുടെ ഭാഷയില്‍ സിന്ധു നദീത്തീരത്തു താമസിച്ചവരെ അഭിസംബോധന ചെയ്യാന്‍ സിന്ധൂസിന് പകരം ഉപയോഗിച്ച പദമാണ് ഹിന്ദുസ്, അല്‍ ഹിന്ദ് തുടങ്ങിയത്. അത് ലോപിച്ചതാണ് ഹിന്ദു. ബ്രിട്ടീഷ് ഭരണകാലത്താണ് ഔദ്യേഗിക രേഖകളില്‍ ഹിന്ദു എന്ന പദം വന്നത്. വിസ്താരഭയത്താല്‍ വിശദാംശങ്ങള്‍ ഒഴിവാക്കുന്നു. ആരാണ് ഹിന്ദു എന്ന് പിന്നീട് നിര്‍വചിച്ചത് വിഭാഗീയ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താകളായിരുന്നുവെന്ന കാര്യം മറക്കരുത്.

ഹിന്ദു അഹിന്ദു വേര്‍തിരിവുകള്‍ക്ക് എന്തര്‍ത്ഥം? അഹം ബ്രഹ്മാസ്മി, തത്വമസി എന്ന ഉപനിഷത്തു പദങ്ങള്‍ അംഗീകരിക്കുമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടോ? എല്ലാവരും പരം ബ്രഹ്മത്തില്‍ നിന്ന് വന്നവരല്ലേ? ‘ബ്രഹൈമവേദം വിശ്വം സമസ്താ ഇദം ജഗത്’ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ബ്രഹ്മമെങ്കില്‍ കൃസ്ത്യാനി അതില്‍ പെടില്ലേ? ‘ജീവോ ബ്രഹ്മൈവ നാപര:’ ജീവാത്മാവ് ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമല്ല എന്നര്‍ത്ഥം. അപ്പോള്‍ കൃസ്ത്യാനികള്‍ക്ക് ജീവനില്ലേ. അവര്‍ ബ്രഹ്മത്തിന്റെ ഭാഗമെങ്കില്‍ പിന്നെന്ത് അയിത്തം? എന്ത് പുണ്യാഹം? അപ്പോള്‍ ദൈവമോ, മതദര്‍ശനങ്ങളോ അല്ല മനുഷ്യനെ വേര്‍തിരിക്കുന്നത്. അതിനെയൊക്കെ സങ്കുചിതമായി കൈകാര്യം ചെയ്യുന്ന മേധാവിത്ത പൗരോഹിത്യ വിഭാഗമാണ്.

യഥാര്‍ത്ഥ ദൈവത്തിന്റെ അല്ലെങ്കില്‍ ദാര്‍ശനികരുടെ മതമല്ല പ്രശ്‌നം അതായത് ദാര്‍ശനിക മതമല്ല അയിത്തം കല്‍പ്പിക്കുന്നത് പൗരോഹിത്യ മതമാണ്. രാഷ്ട്രീയമതമാണ്. ശബരിമല സ്ത്രീ പ്രവേശനപ്രശ്‌നം പോലെ ഇവിടെയും. ഈ അയിത്തവും സങ്കുചിത താല്‍പര്യങ്ങളും ഉപേക്ഷിക്കുന്ന തലത്തിലാണ് യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ മാനവികദര്‍ശനങ്ങളായി ഉണരുന്നത്. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാണ്,’ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

Ma care dec ad

Comments are closed.