ചാവക്കാട് :  സ്‌കൂളിൽ ഗ്യാസ് സിലണ്ടറിന്റെ ട്യൂബിലൂടെ ഗ്യാസ് ചോർന്ന്
തീപടർന്നത് പരിഭ്രാന്തി പരത്തി. നാട്ടുകാരുടെ സമയോചിത ഇടപെടലിനെ തുടർന്ന് അപകടം ഒഴിവായി. പാലയൂർ എ.യു.പി സ്‌കൂളിൽ പ്രവർത്തിക്കുന്ന അംഗൻവാടിയിലാണ് ഇന്ന് രാവിലെ ഗ്യാസ് സിലിണ്ടറിന്റെ ട്യുബിൽ ചോർച്ചയുണ്ടായി തീപടർന്നത്.
തീപിടുത്തത്തിൽ മുറിയുടെ മേൽതട്ടിലെ പ്‌ളാസ്റ്റിക്ക് ഷീറ്റുകൾ ഉരുക വീണു. ജനൽചില്ല് വലിയ ശബ്ദത്തോടെ പൊട്ടിതെറിച്ചു. സമീപത്തുണ്ടായിരുന്ന
കടലാസു കഷണങ്ങൾക്കും തീപിടിച്ചു.  അംഗൻവാടിയിലെ പാചകക്കാരി ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് സംഭവം. ഈ സമയം കുട്ടികളാരും എത്തിയിരുന്നില്ല. തീ ആളിപടർന്നതോടെ പരിസരവാസികൾ ഓടിയെത്തി .
തുടർന്ന് അക്ഷയ് ചീരോത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വെള്ളം ഒഴിച്ചും
ചാക്ക് നനച്ചിട്ടും തീയണച്ചു. വിവരമറിഞ്ഞ് ഗുരുവായൂർ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം ശ്രീകുമാറിന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സും സ്ഥലത്തെത്തി അപകട സാധ്യത പൂർണമായും ഒഴിവാക്കി. ഗ്യാസ് സിലിണ്ടറിലേക്ക് ബന്ധിപ്പിക്കുന്ന പൈപ്പ് കാലപഴക്കത്തെ തുടർന്ന് ദ്രവിച്ചതാണ് അപകടത്തിനു വഴിവെച്ചതെന്നാണ് സൂചന. സ്‌ക്കൂളിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.