124 വർഷങ്ങൾ പിന്നിട്ട വടക്കേ പുന്നയൂർ ജി എം എൽ പി സ്കൂളിനും സ്വന്തമായൊരു ഇടം

പുന്നയൂർ: സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രവർത്തിച്ചു വന്നിരുന്ന വടക്കേ പുന്നയൂരിലെ ഗവൺമെന്റ് മാപ്പിള ലോവർ പ്രൈമറി സ്കൂളിന് സ്വന്തമായി ഭൂമി ലഭിച്ചു. തടാകം ഫൗണ്ടേഷൻ ചെയർമാൻ വടക്കേക്കാട് വെൺമാടത്തയിൽ കുഞ്ഞുമുഹമ്മദ് ഹാജിയാണ് 30.25 സെന്റ് ഭൂമി വാങ്ങി സ്‌കൂളിന് സൗജന്യമായി നൽകിയത്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ കുഞ്ഞുമുഹമ്മദ് ഹാജി 51,90,000 രൂപ ചിലവിൽ മുപ്പതെകാൽ സെന്റ് ഭൂമി വാങ്ങി പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ.എൻ.വി യുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി. ഇപ്പോൾ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന സ്കൂൾ അറ്റക്കുറ്റ പണികൾ നടത്തി ഭംഗിയാക്കിയതും തടാകം കുഞ്ഞിമുഹമ്മദ് ഹാജി തന്നെയാണ്.

ഗ്രാമപഞ്ചായത്ത് മെമ്പർ സെലീന നാസറിന്റെ ഇടപെടലിനെ തുടർന്ന് ചേന്നാത്തയിൽ കാദർ ഹാജിയുടെ കുടുംബം സ്കൂളിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട്l മിതമായ നിരക്കിലാണ് പുന്നയൂർ ജി റോഡിലുള്ള ഭൂമി സ്‌കൂളിന് വേണ്ടി നൽകിയത്.
സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും മറ്റും വികസിപ്പിക്കാനാവാതെ വന്നപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വലിയതോതിൽ കുറവുണ്ടാവുകയും സ്കൂളിന്റെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ടാവുകയും ചെയ്തിരുന്നു. പുന്നയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തുടർച്ചയായ ഇടപെടലാണ് 124 വർഷം പഴക്കമുള്ള സ്‌കൂളിന് സ്വന്തമായി സ്ഥലം ലഭിക്കാൻ ഇടയാക്കിയത്.
ഭൂമിയില്ലാതെ കിടന്നിരുന്ന കുരഞ്ഞിയൂർ ഗവ ലോവർ പ്രൈമറി സ്‌കൂളിനും നേരത്തെ ഭൂമി ലഭിച്ചിരുന്നു. 98 വർഷം പഴക്കമുള്ള കുരഞ്ഞിയൂർ ഗവ എൽ പി സ്കൂൾ പ്രവർത്തിച്ചുവന്നിരുന്ന ഭൂമി അതിന്റെ ഉടമസ്ഥരായ ഇട്ടേക്കോട്ട് പഠിക്കപറമ്പിൽ രാധാകൃഷ്ണന്റെ കുടുംബം അദ്ദേഹത്തിന്റെ സ്മരണക്കായി നൽകുകയായിരുന്നു. 30 സെന്റ് ഭൂമിയാണ് സ്ഥലത്തിന്റെ അവകാശികളായ രാധാകൃഷ്ണന്റെ ഭാര്യ വത്സല, മകൻ രാമചന്ദ്രൻ, മകൾ രജനി എന്നിവർ ചേർന്ന് സ്‌കൂളിനായി നൽകിയത്.
ഇതോടെ പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഭൂമിയില്ലാതെ കിടന്നിരുന്ന രണ്ടു വിദ്യാലയങ്ങൾക്കും സ്വന്തമായി ഭൂമിയായി

Comments are closed.