സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ കുറവ് വരുത്താനുള്ള നടപടികൾ സർക്കാർ നിർത്തിവെക്കണം – മുസ്ലിംലീഗ്
ചാവക്കാട് : ഭിന്നശേഷിക്കാർക്ക് സംവരണം നടപ്പാക്കാനെന്ന വ്യാജേനെ സർക്കാർ ഉദ്യോഗങ്ങളിൽ മുസ്ലിം സംവരണത്തിൽ രണ്ടു ശതമാനം കുറവ് വരുത്താനുള്ള ശ്രമങ്ങളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് മുസ്ലിംലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. നിലവിൽ ലാസ്റ്റ് ഗ്രേഡ് വിഭാഗങ്ങളിൽ മുസ്ലിംകൾക്ക് പത്ത് ശതമാനവും, മറ്റ് വിഭാഗങ്ങളിൽ പന്ത്രണ്ട് ശതമാനവുമാണ് സംവരണം. അത് യഥാക്രമം എട്ട് ശതമാനവും പത്ത് ശതമാനവമാക്കി കുറക്കുവാനാണ് സർക്കാർ നീക്കം ആരംഭിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾ സമരം ചെയ്ത് നേടിയെടുത്ത സംവരണ നയത്തിൽ മാറ്റം വരുത്താൻ അനുവദിക്കില്ലെന്ന് യോഗം മുന്നറയിപ്പ് നൽകി. ഇത് സംബന്ധമായി നിയമ സഭയിൽ വിഷയം ഉന്നയിച്ച മുസ്ലിം ലീഗ് അംഗങ്ങൾക്ക് പ്രശ്നം പരിഹരിക്കാമെന്ന മുഖ്യമന്ത്രി നൽകിയ ഉറപ്പ് പാലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് എം. വി. ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.വി. ഉമ്മർ കുഞ്ഞി, ലത്തീഫ് പാലയൂർ, എൻ.കെ. അബ്ദുൽ വഹാബ്, മായൻ കുട്ടി അണ്ടത്തോട്, വി.എം മനാഫ്, ആർ. എ. അബൂബക്കർ, എ.എച്ച്. സൈനുൽ ആബിദ്, സുബൈർ വലിയ കത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Comments are closed.