mehandi new

വഖഫ് ഭൂമി പിടിച്ചെടുക്കാനുള്ള സർക്കാർ നീക്കം നിയമ വിരുദ്ധം – മൈനോറിറ്റി റൈറ്റ്സ് വാച്ച്

fairy tale

ചാവക്കാട് : തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ ചെറുതുരുത്തി നൂറുല്‍ഹുദാ യതീംഖാനയ്ക്ക് അവകാശപ്പെട്ട അഞ്ച് ഏക്കര്‍ വഖ്ഫ് ഭൂമി കേരള കലാമണ്ഡലത്തിന് നല്‍കാനുള്ള നിയമ വിരുദ്ധ തീരുമാനം റദ്ദാക്കണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച് ആവശ്യപ്പെട്ടു.

ഈമാസം ഒന്നിന് വഖ്ഫ് മന്ത്രി വി. അബ്ദുറഹിമാന്‍ മന്ത്രിമാരായ കെ. രാധാകൃഷ്ണന്‍, സജി ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ വകുപ്പ് സെക്രട്ടറിമാരായ മിനി ആന്റണി, എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുൾപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് വഖ്ഫ് ഭൂമി വിട്ടുനല്‍കാന്‍ തീരുമാനിച്ചത്. വഖ്ഫ് ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ നടപടി. ബന്ധപ്പെട്ട വഖ്ഫ് സ്ഥാപനമോ വഖഫ് ബോര്‍ഡോ അറിയാതെ നിലവിലുള്ള കേന്ദ്ര വഖ്ഫ് നിയമത്തിനും ചട്ടങ്ങള്‍ക്കും വിരുദ്ധമായി എടുത്ത തീരുമാനം ന്യൂനപക്ഷ വിദ്യാഭ്യാസ സേവന സ്ഥാപനങ്ങൾക്കും അവയുടെ സ്വത്തുവകക്കും നേരെയുള്ള പരസ്യമായ കടന്നുകയറ്റമാണ്

1978 മെയ് 12ന് മുസ്‌ലിംകളുടെ മതപരവും ധാര്‍മികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി അന്നത്തെ യതീംഖാന കമ്മിറ്റി പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കോയാമു ഹാജി വഖഫ് ആയി എഴുതിക്കൊടുത്തതാണ് ഈ ഭൂമി. വള്ളത്തോള്‍ നഗറിലെ കലാമണ്ഡലത്തോട് ചേര്‍ന്നു കിടക്കുന്ന യതീംഖാനയുടെ ഉടമസ്ഥതയിലുള്ള ഈ ഭൂമിയാണ് സർക്കാർ ഇപ്പോൾ ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. അന്യായവും ന്യൂനപക്ഷ വിരുദ്ധവുമായ ഈ തീരുമാനം എത്രയും വേഗം റദ്ദാക്കി അനാഥാലയത്തിനും ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനത്തിനുമെതിരായ നീക്കത്തിൽ നിന്ന് പിന്തിരിയണമെന്ന് മൈനോറിറ്റി റൈറ്റ്സ് വാച്ച് സെൻട്രൽ സോൺ ചാപ്റ്റർ യോഗം ആവശ്യപ്പെട്ടു.

ജനറൽ കൺവീനർ പി. എം. മാഹിൻ എടവനക്കാട് ചർച്ചക്ക് നേതൃത്വം നല്കി. ഷാജഹാൻ കാക്കനാട്, ഹാരിസ് കോയ എറണാകുളം, പി. എ. കുഞ്ഞു തൃശൂർ, അബ്ബാസ് പാടൂർ, നിസാർ അഴിക്കോട്, അയ്യൂബ് കരീം ആലപ്പുഴ, സിയാദ് ആലപ്പുഴ, നദീം ബിൻ കരീം കോട്ടയം എന്നിവർ പങ്കെടുത്തു.

Claps

Comments are closed.