mehandi new

ഗ്രാമ പ്രദക്ഷിണം – അഞ്ചാനകളുടെ അകമ്പടിയിൽ മരതകവർണൻ പുറത്തേക്കെഴുന്നള്ളി

fairy tale

ഗുരുവായൂർ : സ്വർണ്ണക്കോലത്തിന്റെ പ്രൗഡിയിൽ അനുഗ്രഹ വർഷം ചൊരിഞ്ഞ് ജനപഥത്തിലേക്കിറങ്ങിയ കണ്ണനെ കണ്ട് ആയിരങ്ങൾ ആത്മനിർവൃതിടഞ്ഞു. രാജകീയ പ്രൗഡിയോടെയെഴുന്നള്ളിയ അമ്പാടി കണ്ണന്, നൂറ് കണക്കിന് നിറപറകളും നിലവിളക്കുകളും അലങ്കാരങ്ങളുമൊരുക്കി ഭക്തർ വരവേൽപ്പ് നൽകി. സന്ധ്യക്ക് ദീപാരാധനയ്ക്കു ശേഷമായിരുന്നു മരതകവർണൻ അഞ്ചാനകളുടെ അകമ്പടിയിൽ പുറത്തേക്കെഴുന്നള്ളിയത്. സാധാരണ ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടിമരച്ചുവട്ടിൽ ദീപാരാധന നിർവ്വഹിച്ച ശേഷമായിരുന്നു പുറത്തേക്കെഴുന്നള്ളത്ത്. വർഷത്തിൽ പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് ശ്രീകോവിലിനു പുറത്ത് ദീപാരാധന നടക്കുന്നത്. മേൽശാന്തിക്കു പകരം ശാന്തിയേറ്റ കീഴ്ശാന്തി മേലേടം പത്മനാഭൻ നമ്പൂതിരിയാണ് ദീപാരധന നിർവ്വഹിച്ചത്. പള്ളിവേട്ട, ആറാട്ട് ദിവസങ്ങളിൽ മാത്രമാണ് മേൽശാന്തിക്ക് പകരം കീഴ്‌ശാന്തിമാർക്ക് ദീപാരാധന നിർവ്വഹിക്കാൻ അവകാശമുള്ളത്. തുടർന്ന് സ്വർണക്കോലം ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുവന്നു. ദേവസ്വത്തിലെ ലക്ഷണമൊത്ത കൊമ്പൻ ഇന്ദ്രസെൻ ശിരസ്സ് നമിച്ച് സ്വർണക്കോലമേറ്റി. ഈസമയം ക്ഷേത്രത്തിന് പുറത്ത് തൊഴുകൈകളോടെ തടിച്ചുകൂടിയിരുന്ന ഭക്തസഹസ്രം നാരാണനാമധ്വനികളാൽ അന്തരീക്ഷം ഭക്തി സാന്ദ്രമാക്കി. ലക്ഷണമൊത്ത കൊമ്പൻമാരായ വലിയ വിഷ്‌ണു, ചെന്താമരാക്ഷൻ, ദാമോദർദാസ്, കൃഷ്ണനാരായണൻ എന്നീ ആനകൾ ഇടംവലം അണിനിരന്ന് എഴുന്നള്ളിപ്പിന് പ്രൗഡിയേകി. കൃഷ്ണനാട്ടം കലാകാരൻമാർ ആയോധനവേഷം ധരിച്ച് വാളും പരിചയുമായി ചുവട് വെച്ചതോടെ പഞ്ചാരിമേളത്തിന് കോലമർന്നു. നുറ്കണക്കിന് വാദ്യകലാകാരൻമാർ അണിനിരന്ന മേളത്തിന് മേളപ്രമാണി പെരുവനം കുട്ടൻമാരാർ അമരക്കാരനായി. വിസ്ത‌രിച്ച പാണ്ടിമേളത്തിന് മുന്നിൽ കൊടികുറകൾ, തഴകൾ, സുര്യമറകൾ, ഭജനസംഘം എന്നിവയും ഒപ്പം അണിനിരന്നു. എഴുന്നള്ളിപ്പിന് മുന്നിൽ ഓതിക്കൻ ഗ്രാമബലിയർപ്പിച്ച് നടന്നു. വെള്ളിവിളക്കുകളുമായി കഴകക്കാർ വഴിയൊരുക്കി. എഴുന്നള്ളിപ്പ് കുള പദക്ഷിണം പൂർത്തിയാക്കി ക്ഷേത്രത്തിനകത്തേക്കു മടങ്ങിയതോടെ ഭഗവാന്റെ ഗ്രാമപ്രദക്ഷിണം പൂർത്തിയായി. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ എന്നിവരും ഭക്തരും നിറ പറയും നിലവിളക്കും ഒരുക്കി എഴുന്നള്ളിപ്പിനെ സ്വീകരിച്ചു.

Ma care dec ad

Comments are closed.