ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം – ഡ്രൈവറെ ആക്രമിച്ചു ടയറുകൾ കുത്തിക്കീറി
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട്: ദേശീയ പാതയിൽ നിർത്തിയിട്ട ചരക്ക് ലോറികൾക്ക് നേരെ ഗുണ്ടാ ആക്രമണം. ഡ്രൈവറെ ആക്രമിച്ച സംഘം രണ്ട് വാഹനങ്ങളുടെ എട്ട് ചക്രങ്ങൾ കുത്തിക്കീറി നശിപ്പിച്ചു. മൂന്ന് ദിവസമായി ഇതര സംസ്ഥാനത്തു നിന്നുള്ള ചരക്ക് വാഹന ജീവനക്കാർ പെരുവഴിയിൽ.
ബാംഗ്ലൂരിൽ നിന്ന് ചരക്കുമായി കൊച്ചിയിലേക്ക് പുറപ്പെട്ട രേഷംസിംഗ് (50), നിൽബാഗ്സിംഗ് (48) എന്നിവരുടെ ലോറികളാണ് കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയ പാതയിലെ അകലാട് ഒറ്റയിനി പെട്രോൾ പമ്പിനു സമീപം കിടക്കുന്നു. ഇന്നത്തെ ഹർത്താലോടെ ഇവർ അക്ഷരാർഥത്തിൽ ചക്രശ്വാസം വലിക്കും. കഴിഞ്ഞ തിങ്കളാഴ്ച്ച പുതുവത്സര ദിനത്തലേന്നാണ് ഇവർ അകലാട് എത്തിയത്. ഒരുമിച്ച് ഒരേ സ്ഥലത്തേക്ക് പുറപ്പെട്ട ഇവരിൽ രേഷംസിംഗ് ഓടിച്ച ലോറി ഒറ്റയിനി പെട്രോൾ പമ്പിൻറെ സമീപത്തെത്തിയപ്പോൾ ചക്രം തകരാറിലായതിനെ തുടർന്ന് നിർത്തിയിട്ടിരുന്നു. രാത്രി 12 ഓടെ ചക്രം മാറ്റികൊണ്ടിരിക്കെ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് യാത്രികന് പരിക്കേറ്റു. നാട്ടുകാർ പരിക്കേറ്റയാളെ ചാവക്കാട് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. പിന്നീട് ഇരുപതോളം പേർ ആയുധങ്ങളുമായെത്തി രേഷംസിംഗിനെ ലോറിയിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ആക്രമിക്കുകയും താക്കോൽ തട്ടിപ്പറിക്കുകയും ചെയ്തു. ഇത് കണ്ട് തടയാനെത്തിയതായിരുന്നു മുന്നിൽ നിർത്തിയിട്ട ലോറിയിലെ നിൽബർസിംഗ്. ഇയാളെ ആക്രമിച്ച സംഘം അദ്ദേഹത്തിന്റെ വാഹനത്തിൻറെ ടയറുകളും കുത്തിക്കീറി നശിപ്പിച്ചു. മൊത്തം എട്ട് ടയറുകളാണ് നശിപ്പിച്ചത്. ടയറുകൾ പുതിയതാണെന്നും ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നും ഇവർ പറഞ്ഞു. ബുധനാഴ്ച്ച ചക്രങ്ങൾ നേരെയാക്കിയെങ്കിലും വടക്കേക്കാട് പൊലീസ് ഇവരുടെ പരാതി ഗൗരവത്തിലെടുത്തില്ലെന്നാണ് ആക്ഷേപം. ആശുപത്രിയിൽ കിടക്കുന്നയാളുടെ അവസ്ഥ അറിയാതെ പോകാനാവില്ലെന്ന് പറഞ്ഞ് വാഹനങ്ങളുടെ രേഖകൾ പൊലീസ് പിടിച്ചു വെച്ചിരിക്കുകയാണ്. എന്നാൽ ഇവരെ ആക്രമിച്ചവർക്കെതിരെ കേസെടുക്കാനോ നഷ്ടപരിഹാരം വാങ്ങി നൽകാനോ പൊലീസിൻറെ ഭാഗത്ത് നിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. പരിക്കേറ്റ വ്യക്തിക്ക് വേണ്ട ചികിത്സാ സഹായം നൽകാൻ ഇവർ തയ്യാറാണ്. എന്നാൽ അക്രമികൾക്കെതിരെ കേസിനും പ്രശ്നത്തിനും നിൽക്കേണ്ട എന്നാണ് പൊലീസിൻറെ ഉപദേശം.
പഞ്ചാബി സ്വദേശികളായ ഇവർക്ക് പരിസര വാസികളായ ചിലരാണ് ആവശ്യമായ സഹായങ്ങൾ നൽകുന്നത്. സമീപത്തെ പെട്രോൾ പമ്പിലെ കാമറകളിൽ ആക്രമികളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. കൂടാതെ പലരുടെയും ഫോട്ടോ ഫോണിൽ പകർത്തി പൊലീസിനു നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് നിസംഗതയിലാണെന്നാണ് ഇവർ പറയുന്നത്. വർഷങ്ങളായി കേരളത്തിൽ ചരക്കുകളുമായി വന്നു പോകുന്നവരാണ് ഞങ്ങൾ. എന്നാൽ ഇത്തരത്തിൽ ഒരനുഭവം ആദ്യാമാണെന്ന് അവർ പറഞ്ഞു. അതേസമയം ബൈക്ക് അപകടത്തിൽ പെട്ട് ആശുപത്രിയിൽ കഴിയുന്ന യുവാവിന് അക്രമികളുമായി യാതൊരു ബന്ധവുമില്ലെന്നും ദേശീയപാതയിൽ നിർത്തിയിടുന്ന വാഹനങ്ങൾ കേന്ദ്രീകരിച്ച് കൊള്ളയും ആക്രമണവും നടത്തുന്ന സ്ഥിരം സംഘങ്ങളാവാം ഈ ആക്രമണത്തിനു പിന്നിലെന്നും യുവാവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.