Header

ഗുരുവായൂർ സ്റ്റാർട്ടപ്പ് സൗഹൃദ നഗരം – നൂലാമാലകൾ ഒഴിവാക്കും

ഗുരുവായൂര്‍ : ബജറ്റ് 2023-24.
സ്റ്റാർട്ടപ്പ് സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിയമങ്ങളുടെ നൂലാമാലകളില്‍പ്പെടുത്താതെ സംരംഭം തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കും.
പട്ടികജാതിയില്‍പ്പെട്ട ബി പി എല്‍ കുടുംബങ്ങള്‍ക്ക് നഗരസഭ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിനുളള ഫീസ് സൗജന്യമാക്കി.
വിദ്യാര്‍ത്ഥികളിലെ കായികപരമായ കഴിവുകളെ വളർത്താൻ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടുകൂടി വിദഗ്ദ പരിശീലനം നല്‍കുകയും പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യും.

ഗുരുവായൂര്‍ നഗരസഭ 2023-24 വര്‍ഷത്തെ വാര്‍ഷിക ബജറ്റ് ഇന്ന് രാവിലെ ചെയര്‍മാന്‍ എം കൃഷ്ണദാസിന്റെ അദ്ധ്യക്ഷതയിൽ  ചേര്‍ന്ന കൌണ്‍സില്‍ യോഗത്തില്‍  നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അവതരിപ്പിച്ചു.  ബജറ്റില്‍ ഉള്‍ക്കൊളളിച്ചിട്ടുളള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

കാര്‍ഷിക സംസ്കാരത്തില്‍ അധിഷ്ഠിതമായ പരമ്പരാഗത കൃഷികളോടൊപ്പം നഗരത്തിന് ചേരുന്ന പരിമിതമായ സ്ഥലത്ത് കൃഷി ചെയ്യാനുളള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യും. നഗരസഭാ പ്രദേശത്തെ തരിശു ഭൂമികള്‍ കണ്ടെത്തി കുടുംബശ്രീ, അയ്യങ്കാളി തൊഴിലുറപ്പ്, കാര്‍ഷിക ക്ലമ്പുകള്‍ തുടങ്ങിയവയെ ഉള്‍പ്പെടുത്തി കൃഷി വ്യാപിപ്പിക്കും. കൂടാതെ ഗ്രീന്‍ ഹൗസ്, മഴ മറ തുടങ്ങിയവ കൂടുതല്‍ വിപുലീകരിക്കും.

വ്യവസായ സംരംഭക സൗഹൃദ നഗരമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് നിയമങ്ങളുടെ നൂലാമാലകളില്‍പ്പെടുത്താതെ സംരംഭം തുടങ്ങുന്നതിനുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും നിര്‍ദേശമുണ്ട്.

നഗരത്തിലെ കുടിവെളള വിതരണം ഇടതടവില്ലാതെ ലഭ്യമാക്കുവാനും പദ്ധതികള്‍ ഉണ്ട്. സമ്പൂര്‍ണ്ണ കുടിവെളള വിതരണം യാഥാര്‍ത്ഥ്യമാക്കും. വലിയ പദ്ധതികളോടൊപ്പം ചെറുകിട കുടിവെളള പദ്ധതിയും ബഡ്ജറ്റില്‍ ഉള്‍കൊളളിച്ചിട്ടുണ്ട്.

സര്‍ക്കാരിന്‍റെ ലൈഫ് പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ ആക്കം കൂട്ടുന്നതിനുതകുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉള്‍കൊളളിച്ചിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബി പി ല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭൂമിയും വീടും ഉറപ്പ് നല്‍കുന്ന പദ്ധതികളും നിര്‍ദേശങ്ങളും ബഡ്ജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്.

വനിതാക്ഷേമപദ്ധതികള്‍ക്കും മുന്തിയ പരിഗണന ബഡ്ജറ്റ് നല്‍കുന്നു. വനിതാ സംരക്ഷണവും, വനിത സംരംഭങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഷീ കാര്‍ട്ട്  പദ്ധതിയുടെ ഭാഗമായി വനിത സ്വയം സഹായ ഗ്രൂപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നതിന് വാഹനങ്ങള്‍ വാങ്ങുവാന്‍ സഹായം, വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരവും വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിന് ബഡ്ജറ്റ് വലിയ പരിഗണനയും പ്രാധാന്യവും നല്‍കുന്നു.

കലാ-കായിക-സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കുളള ബൃഹത്തായ പദ്ധതികളും ഉള്‍കൊളളിക്കുന്നു. വിദ്യാര്‍ത്ഥികളിലെ കായികപരമായ കഴിവുകളെ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍റെ സഹകരണത്തോടുകൂടി വിദഗ്ദ പരിശീലനം നല്‍കുകയും പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയും ചെയ്യും.

ആരോഗ്യ-ശുചിത്വ മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കുന്ന ബഡ്ജറ്റാണിത്. ലോകത്തിന് മാതൃകയായ ഖര മാലിന്യ സംസ്ക്കരണം കുറ്റമറ്റ രീതിയിലാക്കും.

പ്രദേശത്തിന്‍റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന നിര്‍ദേശങ്ങളടങ്ങിയ ബഡ്ജറ്റാണ്.  കൂടുതല്‍ ആഭ്യന്തര-വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക. അതുവഴി പ്രദേശ നിവാസികള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതയും ജീവനോപാധികളും നല്‍കുന്നതിനാണ് ലക്ഷ്യം വെക്കുന്നത്.
വയോജന ക്ഷേമ പരിപാടികള്‍ക്ക് അതീവ ശ്രദ്ധയും പരിഗണനയും ബഡ്ജറ്റ് മുന്നോട്ട് വെക്കുന്നു.

പട്ടികജാതിയില്‍പ്പെട്ട ബി പി എല്‍ കുടുംബങ്ങള്‍ക്ക് നഗരസഭ ക്രിമറ്റോറിയത്തില്‍ മൃതദേഹം സംസ്ക്കരിക്കുന്നതിനുളള ഫീസ് സൗജന്യമാക്കി പ്രഖ്യാപിക്കുന്നു.

Comments are closed.