ഗുരുവായൂർ: ആവേശകരമായ പോരാട്ടങ്ങളുടെ രാഷ്ട്രീയ ഗാഥ

ചാവക്കാട് : കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പലപ്പോഴും പ്രവചനാതീതമായ അട്ടിമറികളുടെയും ശക്തമായ ആധിപത്യങ്ങളുടെയും കഥയാണ് ഗുരുവായൂരിന് പറയാനുള്ളത്. 1957-ൽ കേരളം ആദ്യമായി ബാലറ്റ് പെട്ടിക്ക് മുന്നിലെത്തിയത് മുതൽ ഇന്നുവരെ, അറബിക്കടലിന്റെ തീരവും ക്ഷേത്രനഗരിയും ചേരുന്ന ഈ മണ്ഡലം സാക്ഷ്യം വഹിച്ചത് ഐതിഹാസികമായ പോരാട്ടങ്ങൾക്കാണ്.

1957-ൽ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിലെ നിയോജകമണ്ഡലങ്ങളിൽ ഗുരുവായൂരുമുണ്ട്. ചാവക്കാട് താലൂക്കിലെ പ്രധാന ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഈ മണ്ഡലം തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്.
ഗുരുവായൂർ , ചാവക്കാട് നഗരസഭകളും ഏങ്ങണ്ടിയൂർ, കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ മണ്ഡലം.
1957-ൽ മണ്ഡലം രൂപീകരിക്കപ്പെടുമ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒന്നായിരുന്നു ഗുരുവായൂരിലെ ഫലം. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എം.വി അബൂബക്കറിനെ 2,635 വോട്ടുകൾക്ക് പരാജയപ്പെടുത്തി കോരു കൂലിയാട്ട് എന്ന പികെ കോരു സ്വതന്ത്ര സ്ഥാനാർത്ഥിയായി ചരിത്രത്തിൽ ആദ്യമായി ഗുരുവായൂരിന്റെ ജനപ്രതിനിധിയായി. എന്നാൽ 1960-ൽ കോൺഗ്രസ് തിരിച്ചടിച്ചു. കെ.ജി. കരുണാകരമേനോൻ
സിപിഐലെ കെ ദാമോദരനെ 1008 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം പിടിച്ചെടുത്തു.
1965 ൽ നടന്ന തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇടം പിടിച്ചു. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷം ലഭിക്കാതെ വന്ന 1965 ലെ തെരഞ്ഞെടുപ്പിൽ വിജയിച്ച 133 സ്ഥാനാർത്ഥികളും സാങ്കേതികമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അവർക്ക് സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാരാകാൻ കഴിഞ്ഞില്ല. സഭ നിലവിൽ വരാത്തതിനാൽ അവർക്ക് നിയമസഭാംഗങ്ങൾ എന്ന നിലയിലുള്ള ആനുകൂല്യങ്ങളോ അധികാരങ്ങളോ ലഭിച്ചില്ല. കേരള ചരിത്രത്തിൽ ‘ഗർഭഛിദ്രം ചെയ്യപ്പെട്ട നിയമസഭ’ എന്നാണ് 1965-ലെ ഈ സഭ അറിയപ്പെടുന്നത്.
1965-ലെ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചത് പി.കെ. അബ്ദുൾ മജീദ് ആയിരുന്നു. മുസ്ലീം ലീഗ് പിന്തുണയോടെ ആയിരുന്നു അദ്ദേഹം മത്സരിച്ചത്. എന്നാൽ സഭ കൂടാത്തതിനാൽ അദ്ദേഹത്തിനും ഔദ്യോഗികമായി എംഎൽഎ പദവിയിൽ ഇരിക്കാൻ സാധിച്ചില്ല.
പി.കെ. അബ്ദുൾ മജീദിനെതിരെ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത് എം.വി അബൂബക്കർ ആയിരുന്നു. പി.കെ. അബ്ദുൾ മജീദ് 491 വോട്ടുകൾക്കാണ് അന്ന് വിജയിച്ചത്.
അറുപതുകളുടെ പകുതിയോടെ മുസ്ലിം ലീഗിന്റെ കരുത്തുറ്റ കേന്ദ്രമായി ഗുരുവായൂർ മാറി. 1967-ൽ ബി.വി. സീതി തങ്ങൾ തുടങ്ങിവെച്ച ആധിപത്യം ഇടക്കാലത്തൊഴികെ ദീർഘകാലം ലീഗിനൊപ്പം നിന്നു.
1970-ൽ ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച വി. വടക്കൻ സീതി തങ്ങളെ 5049 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറിച്ചെങ്കിലും പിന്നീട് 1977 ലും 80 ലും സീതി തങ്ങൾ തന്നെ മണ്ഡലം നിലനിർത്തി. 1977 ൽ മുസ്ലിം ലീഗ് വിമത പക്ഷത്ത് നിന്ന് മത്സരിച്ച ബി.എം സുലൈമാനെ 13992 വോട്ടിനും 1980 ൽ സി. കെ കുമാരനെ 1782 വോട്ടിനും പരാജയപ്പെടുത്തി ഗുരുവായൂരിൽ ലീഗിന്റെ സ്വാധീനം ഉറപ്പിച്ചു.
80-കളുടെ പകുതിയോടെ രാഷ്ട്രീയ രംഗത്തെത്തിയ പി.കെ.കെ. ബാവ രണ്ട് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
1982ൽ വി.കെ ഗോപിനാഥനെയും 1987ൽ പിസി ഹമീദ് ഹാജിയെയും യഥാക്രമം 10363 വോട്ടിന്റെയും 7934 വോട്ടിന്റെയും ഭൂരിപക്ഷത്തിലാണ് പി കെ കെ ബാവ പരാജയപ്പെടുത്തിയത്.
പിന്നീട് 1991-ൽ പി.എം. അബൂബക്കറിലൂടെ ലീഗ് ഗുരുവായൂരിനെ മുസ്ലിം ലീഗ് കോട്ടയാക്കി. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച കെ.കെ കമ്മു പരാജയപ്പെട്ടത് 5676 വോട്ടുകൾക്കായിരുന്നു.
ഗുരുവായൂരിലെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും വലിയ ചർച്ചയായ ഒന്നായിരുന്നു 1994-ലെ ഉപതിരഞ്ഞെടുപ്പ്. ബാബരി മസ്ജിദ് തകർച്ചയ്ക്ക് ശേഷം മുസ്ലിം ലീഗ് സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച് ഒരു വിഭാഗം പാർട്ടി വിട്ടുപോയിരുന്നു. എംഎൽഎ ആയിരുന്ന പി.എം അബൂബക്കർ പാർട്ടി വിട്ടതോടൊപ്പം എംഎൽഎ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ
പ്രശസ്ത ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പി.ടി. കുഞ്ഞുമുഹമ്മദ് ഇടതുപക്ഷ സ്വതന്ത്രനായി മത്സരരംഗത്തെത്തി ലീഗ് കോട്ടയിൽ വിള്ളൽ വീഴ്ത്തി.
മുസ്ലിം ലീഗിന് വേണ്ടി മത്സരിച്ച അബ്ദുസമദ് സമദാനിയെ 2052 വോട്ടുകൾക്കാണ് അദ്ദേഹം അന്ന് പരാജയപ്പെടുത്തിയത്.
പിന്നീട് 1996ൽ നടന്ന തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ആർ.പി മൊയ്തുട്ടിയെ 2,836 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തോൽപ്പിച്ചു അദ്ദേഹം വീണ്ടും നിയമസഭയിലെത്തി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായിരുന്ന ആർ.പി. മൊയ്തൂട്ടി പരാജയപ്പെട്ടത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ഒന്നായിരുന്നു.
എന്നാൽ 2001-ൽ പി.കെ.കെ. ബാവയിലൂടെ 9526 വോട്ടിനു പി.ടി കുഞ്ഞുമുഹമ്മദിനെ തോൽപിച്ചു ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു.
2006-ലാണ് ഗുരുവായൂരിലെ രാഷ്ട്രീയ ചിത്രം മാറിമറിയുന്നത്. സി.പി.ഐ.എം സ്ഥാനാർത്ഥിയായി എത്തിയ കെ.വി. അബ്ദുൾ ഖാദർ, ലീഗിന്റെ സി.എച്ച്. റഷീദിനെ 12,309 വോട്ടുകൾക്ക് പരാജയപ്പെടുത്തി. അവിടെനിന്നിങ്ങോട്ട് 15 വർഷം കെ.വി. അബ്ദുൾ ഖാദറിലൂടെ ഇടതുപക്ഷം മണ്ഡലത്തിൽ അപ്രതിരോധ്യമായ മുന്നേറ്റം നടത്തി. 2016-ൽ 15,098 വോട്ടായി അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഉയർന്നു.
2021-ലെ തിരഞ്ഞെടുപ്പിൽ ലീഗിന്റെ കരുത്തനായ സ്ഥാനാർത്ഥി കെ.എൻ.എ. ഖാദറിനെ നേരിടാൻ സി.പി.ഐ.എം രംഗത്തിറക്കിയത് എൻ.കെ. അക്ബറിനെയായിരുന്നു. മണ്ഡല ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 18,268 വോട്ടുകൾക്ക് വിജയിച്ചുകൊണ്ട് അക്ബർ ഗുരുവായൂരിലെ ഇടതുപക്ഷ ആധിപത്യം ഊട്ടിയുറപ്പിച്ചു.
കെ.വി. അബ്ദുൾ ഖാദർ ആണ് തുടർച്ചയായി 15 വർഷം (2006-2021) മണ്ഡലത്തെ പ്രതിനിധീകരിച്ചത്. തൊട്ടുപിന്നിൽ ബി.വി. സീതി തങ്ങൾ (12 വർഷം), പി.കെ.കെ. ബാവ (10 വർഷം) എന്നിവരുണ്ട്.
കോരു കൂലിയാട്ട് മുതൽ എൻ.കെ. അക്ബർ വരെയുള്ള ഒൻപതോളം ജനപ്രതിനിധികളിലൂടെ ഗുരുവായൂരിന്റെ വികസന ചരിത്രം കടന്നുപോകുന്നു. രാഷ്ട്രീയ വൈവിധ്യവും സാമുദായിക സൗഹാർദ്ദവും ഒത്തുചേരുന്ന ഈ മണ്ഡലം ഇന്നും കേരള രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമാണ്.
ഗുരുവായൂർ നിയോജക മണ്ഡലം വ്യത്യസ്ത മതവിഭാഗങ്ങൾക്ക് ചരിത്ര പ്രാധാന്യമുള്ള ഭൂമികയാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, ചാവക്കാട് മണത്തല ജുമാ മസ്ജിദ്, പാലയൂർ സെന്റ് തോമസ് ചർച്ച് ഇവയെല്ലാം പ്രദേശത്തിന്റെ മത ചരിത്ര പ്രാധാന്യം വിളിച്ചോതുന്നു.
ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ മണത്തല ജുമാ മസ്ജിദിനും ഹൈദ്രോസ് കുട്ടി മൂപ്പർക്കും അതുല്യമായ സ്ഥാനമാണുള്ളത്. മതസൗഹാർദത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമായ ഈ പ്രദേശം കേരള ചരിത്രത്തിലെ നിർണ്ണായകമായ പല ഏടുകൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ചാവക്കാട് തീരദേശത്തോടു ചേർന്നു സ്ഥിതി ചെയ്യുന്ന മണത്തല പള്ളി മലബാറിലെ പുരാതന മുസ്ലിം പള്ളികളിലൊന്നാണ്. ഈ പ്രദേശത്തെ ഇസ്‌ലാമിക പ്രബോധനത്തിന്റെയും സാമൂഹിക ഒത്തുചേരലുകളുടെയും പ്രധാന കേന്ദ്രമാണിത്.
മണത്തല പള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹൈദ്രോസ് കുട്ടി മൂപ്പർ കേവലം ഒരു മതനേതാവ് മാത്രമായിരുന്നില്ല, മറിച്ച് ബ്രിട്ടീഷ് ആധിപത്യത്തിനും അനീതിക്കുമെതിരെ നിലകൊണ്ട ധീരനായ പോരാളിയും മണത്തല അംശത്തിന്റെ ഭരണാധികാരിയുമായിരുന്നു.
ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം 1780-കളിൽ കൊല്ലപ്പെട്ടു എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം മൃതദേഹം മണത്തല ജുമഅത്ത് പള്ളിയിൽ ഖബറടക്കി.
ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണാർത്ഥമാണ് പ്രസിദ്ധമായ മണത്തല നേർച്ച ആഘോഷിക്കുന്നത്.
കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ ഗുരുവായൂർ ക്ഷേത്രത്തിനുള്ള സ്ഥാനം കേവലം ഒരു ആരാധനാലയം എന്നതിലുപരി മാനവികതയുടെയും മതേതരത്വത്തിന്റെയും വലിയൊരു ചരിത്രം കൂടി പേറുന്നതാണ്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സവർണ്ണാധിപത്യത്തിനെതിരെയും ജാതിവിവേചനത്തിനെതിരെയും നടന്ന പോരാട്ടങ്ങൾ ഈ പ്രദേശത്തെ മതേതരത്വത്തിന്റെ കേന്ദ്രമാക്കി മാറ്റി.
ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ക്ഷേത്രത്തിന് ഏകദേശം 1000 വർഷത്തെ രേഖപ്പെടുത്തിയ ചരിത്രമുണ്ട്. എ.ഡി. 14-ാം നൂറ്റാണ്ടിലെ ‘കോകസന്ദേശം’ എന്ന കൃതിയിൽ കുരുവായൂരിനെ (ഗുരുവായൂർ) കുറിച്ച് പരാമർശമുണ്ട്. 16-ാം നൂറ്റാണ്ടോടു കൂടിയാണ് ക്ഷേത്രം ഇന്നത്തെ രീതിയിലുള്ള പ്രശസ്തിയിലേക്ക് ഉയർന്നത്.
ഭാരതത്തിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കളിത്തൊട്ടിലായി അറിയപ്പെടുന്ന ഇടമാണ് പാലയൂർ മഹാതീർത്ഥാടന കേന്ദ്രം എന്നറിയപ്പെടുന്ന പാലയൂർ സെന്റ് തോമസ് ചർച്ച്.
ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ തീർത്ഥാടന കേന്ദ്രം മണ്ഡലത്തിന്റെ ടൂറിസം ഭൂപടത്തിലും സാംസ്കാരിക ചരിത്രത്തിലും നിർണ്ണായക സ്ഥാനമാണ് വഹിക്കുന്നത്.
എ.ഡി. 52-ൽ യേശുക്രിസ്തുവിന്റെ ശിഷ്യനായ മാർ തോമാശ്ലീഹ കേരളത്തിൽ എത്തിയപ്പോൾ സ്ഥാപിച്ച ഏഴരപ്പള്ളികളിൽ ആദ്യത്തേതാണ് പാലയൂർ പള്ളി എന്ന് വിശ്വസിക്കപ്പെടുന്നു. മുസിരിസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് ഇറങ്ങിയ അദ്ദേഹം അവിടെ നിന്നും സമുദ്രമാർഗ്ഗം പാലയൂരിലേക്ക് എത്തിയെന്നാണ് ചരിത്രം. അക്കാലത്തെ ഒരു പ്രധാന വ്യാപാര കേന്ദ്രം കൂടിയായിരുന്നു പാലയൂർ.
രാഷ്ട്രീയവും കടലോരത്തെ കഠിനാധ്വാനവും പ്രവാസികളുടെ വിയർപ്പും ഒരുപോലെ ഇഴചേർന്ന ഈ മണ്ഡലം വികസനത്തിന്റെ പുതിയ പാതകളിലാണ്. രാഷ്ട്രീയ കാറ്റുകൾ മാറി വീശുമ്പോഴും ഗുരുവായൂർ എന്നും കേരള രാഷ്ട്രീയത്തിലെ ഒരു മിന്നും താരകമാണ്.
ശക്തമായ പോരാട്ടം നടന്ന 2026 ലെ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ യു ഡി എഫിനൊപ്പം പോകുമോ എൽ ഡി എഫ് നൊപ്പം നിൽക്കുമോ എന്ന് നാളെയറിയാം

Comments are closed.