mehandi new

അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം

fairy tale

ഗുരുവായൂര്‍ : അഷ്ടമി രോഹിണി നാളില്‍ ഗുരുവായൂരില്‍ ഭക്തജനസാഗരം.
പുലര്‍ച്ചെ മൂന്നുമണിമുതല്‍ അര്‍ദ്ധരാത്രി കഴിഞ്ഞ് നട അടയ്ക്കുന്നതുവരെ കണ്ണനെ പിറന്നാള്‍ ദിനത്തില്‍ ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് എത്തിയത്.
കൃഷ്ണകഥകള്‍ കേട്ടും തൊഴുതും സദ്യയില്‍ പങ്കെടുത്തും ഭക്തര്‍ നീങ്ങുമ്പോള്‍ ക്ഷേത്ര നടകളില്‍ ഉണ്ണിക്കണ്ണന്മാരും ഗോപികമാരും നടനമാടുകയായിരുന്നു. ഘോഷയാത്രകള്‍ക്ക് എത്തിയ കൃഷ്ണന്റെയും ഗോപികമാരുടെയും വേഷമണിഞ്ഞ കുട്ടികള്‍ ഗുരുവായൂരിനെ വര്‍ണ്ണാഭമാക്കി.
ക്ഷേത്രത്തില്‍ പുലര്‍ച്ചെ ദീപക്കാഴ്ചയോടെ നടന്ന നിര്‍മ്മാല്യ ദര്‍ശനത്തിനു ശേഷം പീലിത്തിരുമുടി അണിഞ്ഞ കൃഷ്ണന്റെ ബാല്യരൂപമാണ് മേല്‍ശാന്തി ഹരീഷ് നമ്പൂതിരി വിഗ്രഹത്തില്‍ അലങ്കരിച്ചത്. പിന്നീട് ഉച്ചപ്പൂജയ്ക്ക് ആലിലക്കണ്ണനായി കളഭത്തില്‍ ചാര്‍ത്തി.
രാവിലെയും ഉച്ചതിരിഞ്ഞും രാത്രിയും നടന്ന എഴുന്നള്ളിപ്പിന് വിശിഷ്ട സ്വര്‍ണ്ണക്കോലം എഴുന്നള്ളിച്ചു. പകല്‍ എഴുന്നള്ളിപ്പുകള്‍ക്ക് പദ്മനാഭനും രാത്രി വലിയ കേശവനുമാണ് സ്വര്‍ണ്ണക്കോലം ശിരസ്സിലേറ്റിയത്. രാവിലെ പഞ്ചാരിമേളത്തിന് പെരുവനം കുട്ടന്‍മാരാരും ഉച്ചതിരിഞ്ഞും രാത്രിയും പഞ്ചവാദ്യത്തിന് ചോറ്റാനിക്കര വിജയനും അമരക്കാരായി. രാവിലെ ഒമ്പതിന് തുടങ്ങിയ പിറന്നാള്‍സദ്യ വൈകീട്ട് നാലുവരെ നീണ്ടു.
പ്രധാന വഴിപാടായ നെയ്യപ്പം രാത്രി വിതരണം ചെയ്തു. താംബൂല നിവേദ്യവും നടന്നു. അര്‍ദ്ധരാത്രിയില്‍ കൃഷ്ണനാട്ടത്തിലെ അവതാര രംഗം ഓഡിറ്റോറിയത്തില്‍ അരങ്ങേറി. ഇതേസമയം അഷ്ടമിവിളക്ക് ക്ഷേത്രത്തില്‍ തെളിഞ്ഞു. സന്നിധിയില്‍ വിവിധ സമയങ്ങളില്‍ ഭാഗവതത്തിലെ കൃഷ്ണാവതാരം ആചാര്യന്മാര്‍ വര്‍ണ്ണിച്ചു.

planet fashion

Comments are closed.