mehandi banner desktop

ഗുരുവായൂർ ദേവസ്വം നിയമനം: പരീക്ഷ കഴിഞ്ഞ് 11 മാസമായിട്ടും റാങ്ക് പട്ടികയില്ല; ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പ്രതിസന്ധിയിൽ

fairy tale

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ബോർഡിലെ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി എഴുത്തുപരീക്ഷ നടത്തി 11 മാസം പിന്നിട്ടിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാത്തതിൽ ഉദ്യോഗാർഥികൾക്കിടയിൽ പ്രതിഷേധം ശക്തമാകുന്നു. 38 തസ്തികകളിലേക്ക് നടന്ന പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാനോ, നിയമന നടപടികൾ പൂർത്തിയാക്കാനോ ബോർഡ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനെതിരെ ഉദ്യോഗാർഥി കൂട്ടായ്മ മുഖ്യമന്ത്രി, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് (KDRB) ചെയർമാൻ, ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എന്നിവർക്ക് നിവേദനം നൽകി.2025 മാർച്ച് 29-നാണ് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷാ വിജ്ഞാപനം പുറപ്പെടുവിച്ചത്. തുടർന്ന് 2025 ജൂലായ് 13-ന് നടന്ന പരീക്ഷയിൽ സംസ്ഥാനത്തുടനീളം ഒരു ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് പങ്കെടുത്തത്. മൂന്ന് വർഷം മാത്രമാണ് റാങ്ക് പട്ടികയുടെ കാലാവധി എന്നിരിക്കെ, കോടതി നടപടികൾ നീണ്ടുപോകുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാണിക്കുന്നു.ചെറുതും വലുതുമായ തസ്തികകളിലേക്ക് 300 രൂപ മുതൽ 1000 രൂപ വരെ അപേക്ഷാ ഫീസ് നൽകിയാണ് സാധാരണക്കാരായ ഉദ്യോഗാർഥികൾ പരീക്ഷ എഴുതിയത്.ഗുരുവായൂർ ദേവസ്വം ബോർഡിൽ നിലവിൽ 722 താത്കാലിക ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. നിയമനം നടത്താനുള്ള കെ.ഡി.ആർ.ബിയുടെ അധികാരത്തെ ചോദ്യം ചെയ്ത് ഇവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരുന്നു. എന്നാൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്യുകയുണ്ടായി.താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുൻകാല ഉത്തരവുകളുണ്ട്. എന്നിരുന്നാലും, കോടതി നിർദേശപ്രകാരം മാനുഷിക പരിഗണന നൽകി ഈ താത്കാലിക ജീവനക്കാർക്ക് വയസിളവും പ്രവർത്തിപരിചയത്തിന് അനുസൃതമായി ഗ്രേസ് മാർക്കും നൽകിയാണ് ഈ പരീക്ഷ നടത്തിയത്. ഇവരും ഈ പരീക്ഷ എഴുതിയിട്ടുണ്ട്. പരീക്ഷ എഴുതിയവരിൽ 36-40 പ്രായപരിധിയിൽപ്പെട്ട നിരവധി ഉദ്യോഗാർഥികളുണ്ട്. റാങ്ക് പട്ടിക നീളുന്നത് ഇവരുടെ ഭാവി പ്രതിസന്ധിയിലാക്കും, കാരണം ഇനിയൊരു പരീക്ഷ എഴുതാൻ ഇവർക്ക് പ്രായപരിധി അനുവദിക്കില്ല.വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കക്ഷി ചേരുന്നതിന് ഭീമമായ തുക കണ്ടെത്തേണ്ടത് ഉദ്യോഗാർഥികൾക്ക് വലിയ പ്രയാസമുണ്ടാക്കുന്നു.പ്രശ്നപരിഹാരത്തിനായി എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ കണ്ട് സഹായം അഭ്യർത്ഥിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗാർഥി കൂട്ടായ്മ.പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് കോടതിയുടെ പുതിയ നിർദേശങ്ങൾ വന്നതെന്ന് കെ.ഡി.ആർ.ബി. ചെയർമാന്റെ ഓഫീസ് അറിയിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡിലെ താത്കാലിക ജീവനക്കാർ നൽകിയ കേസ് ജൂലായ് 21-ന് സുപ്രീംകോടതി പരിഗണിക്കുന്നുണ്ട്. കോടതിയുടെ അന്തിമ നിർദേശത്തിന് ശേഷം മാത്രമേ റാങ്ക് പട്ടികയുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ എന്നാണ് ഔദ്യോഗിക വിശദീകരണം.

planet fashion

Comments are closed.