ഗുരുവായൂര്‍ : പ്രതിപക്ഷ ബഹളം നഗരസഭായോഗം സ്തംഭിച്ചു. നഗരസഭാ കൌണ്‍സിലര്‍മാരെ പോലീസ് കൈയ്യേറ്റം ചെയ്ത വിഷയത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു ഡി എഫ് അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങുകയായിരുന്നു.
ഗുരുവായൂര്‍ റെയില്‍വേ മേല്‍പാലത്തിനു ബജറ്റില്‍ 25 കോടി വകയിരുത്തിയ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് എം രതി പ്രമേയം അവതരിപ്പിച്ചതിനെ പിന്തുണച്ച് സുരേഷ് വാര്യര്‍ സംസാരിക്കുന്നതിനിടെ കോണ്ഗ്രസ് സമരത്തെ പരിഹസിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. കഴിഞ്ഞ ദിവസം റോഡുകളുടെ ദുരവസ്ഥക്കെതിരെ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡില്‍ റീത്തുവെച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ സ്ഥലം മാറി ദേവസ്വം റോഡിലാണ് റീത്ത് സമര്‍പ്പിച്ചത്. ഇതിനെയാണ് സുരേഷ് വാര്യര്‍ പരിഹസിച്ചത്.
ഇതോടെ യു ഡി എഫ് പ്രതിഷേധവുമായി എഴുന്നേറ്റു. ഇതിനിടെ ഉപാധ്യക്ഷന്‍ കെ പി വിനോദ് പ്രമേയചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചുതുടങ്ങി. ഈ സമയം കോണ്ഗ്രസ് അംഗം പ്രിയ രാജേന്ദ്രന്‍ പോലീസ് കയ്യേറ്റത്തിനെതിരെ അടിയന്തിരപ്രമേയം അവതരിപ്പിച്ചു തുടങ്ങി. എന്നാല്‍ അധ്യക്ഷയുടെ അനുമതിയില്ലാതെ പ്രമേയം അവതരിപ്പിപ്പിക്കുന്നതിനെതിരെ ടി ടി ശിവദാസ്, ടി എസ് ഷെനില്‍, ഹബീബ് നാറാത്ത്, അഭിലാഷ് വി ചന്ദ്രന്‍, സ്വരാജ് താഴിശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍ എല്‍ ഡി എഫ് അംഗങ്ങള്‍ എഴുന്നേറ്റു. അതോടെ ചെയര്‍പേഴസന്‍ മാപ്പു പറയുക എന്ന ബാനറുമായി ആന്റോ തോമാസ്, റഷീദ് കുന്നിക്കല്‍, എ ടി ഹംസ ബഷീര്‍ പൂക്കോട്, ശൈലജ ദേവന്‍, ടി കെ വിനോദ്, എ പി ബാബു, ജോയ് ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തില്‍ യു ഡി എഫ് കൌണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളികളോടെ നടുത്തളത്തിലേക്കിറങ്ങി. ചിലര്‍ ചെയര്‍മാന്റെ വേദിയിലേക്ക് കയറുകയും ചെയ്തു. ഇതോടെ അജണ്ടകളെല്ലാം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് യു.ഡി.എഫ്. കൗണ്‍സിലര്‍മാര്‍ നഗരസഭ ഓഫീസ് കവാടത്തില്‍ പ്രതിഷേധിച്ചു.
