ഗുരുവായൂർ പിള്ളേര് താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു
ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേര് താലപ്പൊലി എന്നറിയപ്പെടുന്ന ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ആഘോഷിച്ചു . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. ആയിരങ്ങൾ ഭഗവതിയുടെ അനുഗ്രഹം തേടി താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്തു.
ഉച്ചയ്ക്ക് നടപന്തലില്‍ നിന്ന് കിഴക്കോട്ട് പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെ ഭഗവതിയുടെ മടക്കയെഴുന്നെള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവതിയുടെ തിടമ്പേറ്റി. എഴുന്നെള്ളിപ്പിനുശേഷം നടന്ന പറയെടുപ്പില്‍ ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച 1001 പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്.
ചോറ്റാനിക്കര വിജയന്‍, വൈക്കം ചന്ദ്രന്‍, ഊരമന അജിത്, കോങ്ങാട് രാധാകൃഷ്ണന്‍ എന്നിവര്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയപ്പോള്‍, തിരിച്ചെഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍മാരാരും, കോട്ടപ്പടി സന്തോഷും, ചൊവ്വല്ലൂര്‍ മോഹനനും മേളപ്രമാണത്തില്‍ കൊട്ടികയറി. 1001 നിറപറകള്‍ വെച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍, പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം രാവിലെ 11-30 ന് അടച്ചു.
വാല്‍കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണവും, രാത്രി 10-ന് പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു.
ഫോട്ടോ : നിധിൻ ഗുരുവായൂർ
Comments are closed.