mehandi new

ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം – ഇടപെട്ട് എം പി യും എം എൽ എ യും

fairy tale

ചാവക്കാട് : ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ടും, വികസനത്തിനുള്ള തടസങ്ങൾ അടിയന്തിരമായി മാറ്റണമെന്നും ആവശ്യപ്പെട്ട് ഗുരുവായൂർ എം എൽ എ എൻ. കെ. അക്ബർ റെയിൽവേ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹിമാനും, റയിൽവേസ്റ്റേഷനിലെ യാർഡ് വികസനം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ടി.എൻ. പ്രതാപൻ എം.പി. റയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനും നിവേദനം നൽകി.

planet fashion

ഗുരുവായൂരില്‍ റെയില്‍വേയുടെ വികസനം ഇനി മുന്നോട്ട് പോകണമെങ്കില്‍ യാര്‍ഡ് വികസനം അനിവാര്യമാണ്. പാതി വഴിയില്‍ നിര്‍മാണം നിലച്ച മൂന്നാം പ്ലാറ്റ്‌ഫോമിനെ വടക്കോട്ട് ബന്ധിപ്പിക്കുന്നതാണ് അടിയന്തിരമായി ചെയ്യേണ്ട പ്രവര്‍ത്തി. അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുന്ന മൂന്നാം പ്ലാറ്റ് ഫോം വികസനത്തിന്റെ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയാല്‍ ഇവിടെ കഴിയുന്ന കുടുംബങ്ങള്‍ക്കും അത് ആശ്വാസമാകും. മൂന്നാമത്തെ പ്ലാറ്റ് ഫോമിലെ ട്രാക്ക് വടക്കോട്ട് നീട്ടി രണ്ടാം പ്ലാറ്റ് ഫോമിലെ ട്രാക്കുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഷണ്ടിങും മറ്റും എളുപ്പത്തില്‍ സാധ്യമാകൂ.

വലിയ തീവണ്ടികള്‍ മൂന്നാം പ്ലാറ്റ്‌ഫോമിലിടാനുള്ള നീളവും ട്രാക്കിനില്ല. കൂടുതല്‍ തീവണ്ടികളെത്തുന്ന രാത്രി സമയത്ത് എന്‍ജിനുകള്‍ മാറ്റി ഘടിപ്പിക്കല്‍ ഗുരുവായൂരില്‍ വലിയൊരു അഭ്യാസമാണ്. വണ്ടികളുടെ എഞ്ചിനുകള്‍ പരസ്പരം മാറ്റിയിട്ടാണ് പ്രശ്‌നം പരിഹരിക്കുന്നത്. മൂന്നാമത്തെ ട്രാക്ക് രണ്ടാമത്തെ ട്രാക്കിനോട് ബന്ധിപ്പിച്ചാല്‍ പ്രശ്‌നപരിഹാരമാകും.

മൂന്ന് പ്ലാറ്റ്‌ഫോം ഉണ്ടെങ്കിലും ഫലത്തില്‍ രണ്ടെണ്ണം മാത്രമേ പ്രയോജനപ്പെടുന്നുള്ളൂ. ഇപ്പോള്‍ മൂന്നാമത്തെ ട്രാക്ക് അപൂര്‍ണമായി നില്‍ക്കുന്ന സ്ഥലത്തിനടുത്തുള്ള ഭൂമി ഏറ്റെടുത്താലേ തുടര്‍ വികസനം സാധ്യമാകൂ.
ഏറ്റെടുക്കേണ്ട സ്ഥലത്തുള്ള സരസ്വതി അമ്മാള്‍ എന്ന സ്ത്രീയും വീട്ടുകാരും റെയില്‍വേ സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതത്വം മൂലം ദുരിതത്തിലാണ്. ഇവരുടെ വീട് ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായെങ്കിലും വികസനത്തിന് ഏറ്റെടുക്കേണ്ടി വരുമെന്ന കാരണം പറഞ്ഞ് പുനര്‍നിര്‍മാണത്തിന് അനുമതി ലഭിക്കുന്നില്ല. എന്നാല്‍ സ്ഥലം റെയില്‍വേ ഏറ്റെടുക്കുന്നുമില്ല. നഗരസഭയില്‍ നിന്നും പി.എം.എ.വൈ പദ്ധതിയില്‍ ലഭിച്ച സഹായം പ്രയോജനപ്പെടുത്താന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. തിരുനാവായ പദ്ധതിയിലാണ് റെയില്‍വേ യാര്‍ഡ് നവീകരണം നിലവില്‍ ഉള്‍പ്പെട്ടിരിക്കുന്നത് എന്നതാണ് പ്രധാനപ്രശ്‌നം.

യാര്‍ഡ് നവീകരണം പ്രത്യേക പദ്ധതിയാക്കി മാറ്റിയാല്‍ മാത്രമേ മൂന്നാം ട്രാക്കിന് ശാപമോക്ഷമാകൂ കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയാല്‍ യാര്‍ഡ് വികസനം വേഗത്തിലാക്കുവാന്‍ കഴിയും. ഇതോടെ സ്റ്റേഷനിലെ മൂന്ന് പ്ലാറ്റ്‌ഫോമും പൂര്‍ണമായ തോതില്‍ പ്രയോജനപ്പെടുത്താനും കൂടുതല്‍ ട്രെയിനുകള്‍ ഗുരുവായൂരിലേക്ക് കൊണ്ടുവരാനും സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരികണമെന്നും എം എ എൽ എ അഭ്യർത്ഥിച്ചു. പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ അറിയിച്ചു.

Ma care dec ad

Comments are closed.