ഗുരുവായൂർ – അപ്പോൾ പച്ചക്കോട്ടകളിലെ ലീഗിന്റെ വോട്ടുകൾ എവിടെപ്പോയി – എൽഡിഎഫ് വിജയത്തിന് പിന്നിൽ ബിജെപി വോട്ടുകളെന്ന് യുഡിഎഫ്
ചാവക്കാട് : ഗുരുവായൂർ മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി എൻ കെ അക്ബറിന്റെ മിന്നും വിജയത്തിന് പിന്നിൽ വില കൊടുത്ത് വാങ്ങിയ ബി ജെ പി വോട്ടുകളാണെന്നാണ് യു ഡി എഫ് ലെ പ്രധാന കക്ഷിയായ കോൺഗ്രസ്സ് നേതാക്കൾ പറയുന്നത്.
ഡിസിസി സെക്രട്ടറി പി യതീന്ദ്രദാസ്, ഷാർജ ഇൻകാസ് തൃശൂർ ജില്ലാ പ്രസിഡന്റ് നവാസ് തേക്കുമ്പുറം, ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് അനീഷ് പാലയൂർ തുടങ്ങിയ ഗുരുവായൂർ മണ്ഡലത്തിലെ കോൺഗ്രസ്സ് നേതാക്കളുടെ ഫേസ് ബുക്ക് പോസ്റ്റുകളിലാണ് ബിജെപി സിപിഎം ബന്ധത്തിന് തെളിവുകൾ ചൂണ്ടിക്കാണിച്ചുള്ള ആരോപണങ്ങൾ.
എന്നാൽ മുസ്‌ലിം ലീഗിലെ ഒരു നേതാവും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ദേയമാണ്. മണ്ഡലത്തിനു പുറത്ത് നിന്നും ഒരു സ്ഥാനാർഥി യെ ഗുരുവായൂരിൽ സ്വീകാര്യമല്ല എന്ന തീരുമാനം സംസ്ഥാന നേതൃത്വംത്തെ അറിയിച്ച ലീഗ് പ്രവർത്തകരുടെ തലക്ക് മുകളിലായിരുന്നു അവരുടെ പ്രതീക്ഷകൾ മുഴുവൻ തകർത്ത് കെ എൻ എ കാദറിനെ സ്ഥാനാർഥിയായി ഇറക്കിയത്.
ലീഗ് സ്ഥാനാർഥി എന്നതിനേക്കാൾ കോൺഗ്രസ്സ് സ്ഥാനർഥിയായിരുന്നു യഥാർത്ഥത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ കെ എൻ എ ഖാദർ. തിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും കോൺഗ്രസ്സ് പ്രവർത്തകരായിരുന്നു മുന്നിൽ. പലമേഖലകളിലും ലീഗുകാരെ കാണാൻ കിട്ടിയിരുന്നില്ല.
കെ എൻ എ ഖാദറിന്റെ അൾട്രാ സെക്കുലർ വാഗ്ദോരണികൾ മനോഹരമായിരുന്നെങ്കിലും സമുദായത്തെ സ്ഥാനാർഥിയിൽ നിന്നും അകറ്റാൻ മാത്രമേ അത് ഉപകരിച്ചുള്ളൂ. പഴയ ഒരു ഫാസിസ്റ്റ് വിരുദ്ധ പ്രസംഗത്തെ ഫാസിസ്റ്റ് അനുകൂല മുസ്ലിം വിരുദ്ധ പ്രസംഗമായി പ്രചരിപ്പിക്കപ്പെട്ടപ്പോൾ വേണ്ടത്ര ഗൗനിച്ചില്ല, പ്രതിരോധിക്കാൻ ശ്രമിച്ചുമില്ല.
ശത്രുവിന്റെ ഒരു വീഴ്ചപോലും എൽഡിഎഫ് പാഴാക്കിയില്ല എല്ലാം കൃത്യമായി എൻ കെ അക്ബറിന് വോട്ടായി ഭവിച്ചു.
ലീഗിന്റെ കോട്ടകളായ പുന്നയൂർക്കുളം വെസ്റ്റ്, പുന്നയൂർ, കടപ്പുറം പഞ്ചായത്ത് എന്നിവിടങ്ങളിലെ ലീഗ് വോട്ടുകൾ എവിടെ പ്പോയി എന്നന്വേഷിച്ചാൽ പരാജയകാരണം കണ്ടെത്താൻ എളുപ്പമാവും.
പച്ചക്കോട്ടയായ കടപ്പുറം പഞ്ചായത്തിൽ ലീഗ് സ്ഥാനർഥിയുടെ ലീഡ് 109 മാത്രം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സാദിഖിനു ഇവിടെ 1000 ന് മുകളിലാണ് ലീഡ്.
കഴിഞ്ഞതവണ പുന്നയൂരിൽ 800 ന് മുകളിലും വടക്കേകാട് 700 ന് മുകളിലും ലീഗ് സ്ഥാനാർഥി സാദിഖ് ലീഡ് നേടിയിടത്ത് ഇത്തവണ എൻ കെ അക്ബറിനു അതുക്കും മേലെ ലീഡ്.
2016 ലെ തിരഞ്ഞടുപ്പിൽ രേഖപ്പെടുത്തിയ വോട്ടിനേക്കാൾ 286 വോട്ടിന്റെ കുറവ് ഇത്തവണയുണ്ട്. എന്നാൽ എൽ ഡി എഫും യു ഫി എഫും കഴിഞ്ഞ തവണത്തെക്കാൾ വോട്ടുകൾ നേടിയിട്ടുമുണ്ട്. 1300 ൽ പരം വോട്ടുകൾ പിടിച്ച വെൽഫയർ പാർട്ടിയും ആയിരത്തോളം വോട്ടുകൾ നേടിയ പിഡിപി യും മത്സര രംഗത്തുണ്ടായിരുന്നില്ല. പതിനായിരത്തോളം പുതിയ വോട്ടർമാരും 2016 നു ശേഷം മണ്ഡലത്തിൽ കൂടിയിട്ടുണ്ട്.
കഴിഞ്ഞ തവണത്തെക്കാൾ ലീഗിന് കൂടുതൽ ലഭിച്ച 7804 വോട്ട് ലീഗിന് സാധാരണ കുത്താത്ത കോൺഗ്രസ്സിന്റെയും ബിജെപിയുടെതും ഉൾപ്പെടെയാണ്.
മുൻകാലങ്ങളിൽ 3000 ത്തിന് മേലെ ലീഡുണ്ടായിരുന്ന ലീഗ് കോട്ടകളിൽ നിന്നാണ് കെ എൻ എ കാദറിന് പ്രഹരമേറ്റത്. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ലീഗ് ഏറ്റെടുക്കണം. കാരണം കണ്ടെത്തണം. കിറ്റിൽ വീണു എന്ന് പറഞ്ഞ് വോട്ടർമാരെ പരിഹസിക്കരുത്.
ബിജെപി വോട്ടിനു പിറകെ പോയാൽ എൽ ഡി എഫ്, യുഡിഎഫ്, ആയിരത്തിലധികം വോട്ടുള്ള നോട്ട, ദിലീപ് നായർ, വോട്ട് ബഹിഷ്കരിച്ചവർ ഇവരിലെല്ലാം അത് കണ്ടെത്താനാവും
ബിജെപി ബിജെപി എന്ന് മന്ത്രിച്ചിരിക്കാതെ യു ഡി എഫ് നേതൃത്വം യാഥാർഥ്യം ഉൾക്കൊണ്ട് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചാൽ പ്രതിപക്ഷമായെങ്കിലും നില നിൽക്കാം.
Comments are closed.