mehandi new

മഞ്ഞപ്പിത്തം : ഗുരുവായൂര്‍ ശീതള പാനീയ വില്‍പനക്ക് നിയന്ത്രണം

fairy tale

ഗുരുവായൂര്‍ : ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ റോഡരികുകളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ശീതള പാനീയങ്ങളുടെ വില്‍പ്പന നിറുത്തിവെപ്പിക്കാന്‍ നഗരസഭ
തീരുമാനിച്ചു. ഇരിങ്ങപ്പുറം മേഖലയില്‍ 26 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടിയന്തിരമായി വിളിച്ചു ചേര്‍ത്ത ആരോഗ്യ പ്രവര്‍ത്തകരുടെ യോഗത്തിലാണ്
തീരുമാനം. കഴിഞ്ഞ മാസം 16ന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ നടന്ന വിവാഹ വിരുന്നില്‍ പങ്കെടുത്തവര്‍ക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി കണ്ടെത്തിയത്. വിവാഹത്തില്‍
കാറ്ററിങ് സര്‍വീസുകാര്‍ നല്‍കിയ കുടിവെള്ളത്തിലും ശീതള പാനീയത്തിലും ഉപയോഗിച്ച ഐസാണ് രോഗഹേതുവായി സംശയിക്കുന്നത്. ഇതേ തുടര്‍ന്ന് കാറ്ററിംഗ്
സര്‍വ്വീസുകാരില്‍ നിന്ന് ആരോഗ്യ വിഭാഗം വിവരങ്ങള്‍ ശേഖരിക്കുകയും ഇരിങ്ങപ്പുറം മേഖലയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തുകയും ചെയ്തിരുന്നു. ഹെപ്പറ്റൈറ്റിസ് എ
വിഭാഗത്തിലുള്ള മഞ്ഞപ്പിത്തമാണ് കണ്ടെത്തിയിട്ടുള്ളത്. രോഗാണു ശരീരത്തില്‍ കടന്നാല്‍ ഒരു മാസം കൊണ്ടാണ് ലക്ഷണങ്ങള്‍ പുറത്തു കാണിക്കുക. ഇതിനാലാണ്
കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി ആരോഗ്യ പ്രവര്‍ത്തകരുടെ യോഗം വിളിച്ചു ചേര്‍ത്തത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍
മുന്‍കരുതലെടുക്കുന്നതിന് നാളെ ഹോട്ടലുടമകള്‍, ശീതളപാനിയ വില്‍പ്പനക്കാര്‍, കാറ്ററിംഗുകാര്‍ എന്നിവരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കൂടാതെ ശീതളപാനീയങ്ങളില്‍
ബ്ലോക്ക് ഐസ് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താനും ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുന്നുവെന്ന്
ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. രോഗപ്രതിരോധ മാര്‍ഗങ്ങളെ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നതിനായി ഇരിങ്ങപ്പുറം മേഖലയില്‍ വാഹനങ്ങളില്‍ മൈക്ക്
അനൗണ്‍സ്‌മെന്റ് നടത്തും. നഗരസഭ പരിധിയിലെ മുഴുവന്‍ വീടുകളിലും കുടുംബശ്രീ ആശ പ്രവര്‍ത്തകരുടെ സഹായത്തോടെ ബോധവത്കരണ ലഘുലേഖകളും വിതരണം
ചെയ്യും. യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരി അധ്യക്ഷയായിരുന്നു. വൈസ് ചെയര്‍മാന്‍ കെ.പി വിനോദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്
കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, ഷൈലജ ദേവന്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.എസ് ലക്ഷ്മണന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Comments are closed.