ഗുരുവായൂര്‍ : ലോഡ്ജിലെ കുളിമുറി വൃത്തിയാക്കുന്നതിനിടയില്‍ ലഭിച്ച നാലുപവന്റെ മാല ഉടമക്ക് തിരികെ നല്‍കി ലോഡ്ജ് ജീവനക്കാരി മാതൃകയായി. ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലെ സത്യ ഇന്നിലെ ഹൗസ് കീപ്പറായ ഷൈലയാണ് പ്രാരാബ്ദങ്ങള്‍ക്കിടയിലും സത്യസന്ധതയുടെ പത്തരമാറ്റായത്. കുളിമുറി വൃത്തിയാക്കുമ്പോള്‍ മുകളില്‍ പൈപ്പിനുമുകളില്‍ മാല തൂക്കിയിട്ടിരിക്കുകയായിരുന്നു. അവര്‍ അതെടുത്ത് റിസപ്ഷനില്‍ ഏല്‍പ്പിച്ചു. തലേന്ന് മുറിയെടുത്തിരുന്ന നോര്‍ത്ത് പറവൂര്‍ പുളിയാമാക്കില്‍ രാജേഷിന്റേതായിരുന്നു മാല. ഉടമയെ വിവരം അറിയിച്ചപ്പോഴാണ് മാല നഷ്ടപ്പെട്ടത് ലോഡ്ജിലാണെന്ന കാര്യം അയാളറിയുന്നത്. എറണാകുളത്ത് ബിസിനസ്സുകാരനാണ് രാജേഷ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം ജീവനക്കാരനായ കലാധരനെത്തി മാല ഏറ്റുവാങ്ങി. അടുത്തദിവസം ഗുരുവായൂരിലെത്തി ലോഡ്ജ് ജീവനക്കാരിക്ക് ഉപഹാരം നല്‍കുമെന്ന് രാജേഷ് പറഞ്ഞു.