Header

കടപ്പുറത്ത് മത്സ്യഭവൻ പ്രവർത്തനമാരംഭിച്ചു – ദേശീയപാതക്ക് സ്ഥലമെടുത്തതോടെ ചാവക്കാട് നഗരസഭയിൽ മത്സ്യഭവൻ ഇല്ലാതായി

ചാവക്കാട് : കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം കടപ്പുറത്ത് മത്സ്യ ഭവൻ പ്രവർത്തനം ആരംഭിച്ചു.
കടപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടായിരത്തി മൂന്നിൽ നിർമ്മിച്ച മത്സ്യ ഭവൻ നാളിതുവരെയായി മത്സ്യത്തൊഴിലാളികൾക്കായി സ്ഥിരം തുറന്നു നൽകിയിരുന്നില്ല.
കെട്ടിടം ക്ഷുദ്രജീവികളുടെ ആവാസ കേന്ദ്രമായിരുന്നു.

ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളും മറ്റു സംഘടനകളുടെ സമരങ്ങളും മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കലും, ഇവിടം ഓഫീസ് പ്രവർത്തന സജ്ജമാക്കാൻ കാരണമായിട്ടുണ്ട്.
ഇനി മുഴുവൻ ദിവസങ്ങളിലും മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ സർക്കാർ കേന്ദ്രമായി ഈ ഓഫീസ് തുറന്നു പ്രവർത്തിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ അറിയിച്ചു.

ചാവക്കാട് നഗരസഭയിലെ മണത്തല കാറ്റാടിയിൽ പ്രവർത്തിച്ചിരുന്ന മത്‍സ്യഭവൻ കെട്ടിടവും സ്ഥലവും ദേശീയപാത 66 വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചു മാറ്റിയതോടെ നഗരസഭയിൽ മത്സ്യഭവൻ ഓഫീസ് ഇല്ലാതായി. ഇവിടത്തെ ഓഫീസ് താത്കാലികമായി എടക്കഴിയൂർ സിങ്കപ്പൂർ പാലസിനു സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റി. മണത്തലയിൽ ലഭിച്ചിരുന്ന എല്ലാ സേവനങ്ങളും ഇവിടെ ലഭിക്കും.

അഞ്ചങ്ങാടി കടപ്പുറം സ്‌കൂളിന് പിറക് വശത്താണ് കടപ്പുറം പഞ്ചായത്തിലെ മത്സ്യഭവൻ കെട്ടിടം. കടപ്പുറം, ഒരുമനയൂർ പഞ്ചായത്തുകളിലെ മത്സ്യതൊഴിലാളികളെ കേന്ദ്രീകരിച്ചാണ് ഓഫീസ് പ്രവർത്തിക്കുക.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി മൻസൂർ അലി, വൈസ് പ്രസിഡൻ്റ് മൂക്കൻ കാഞ്ചന, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വാലിഹ ഷൗക്കത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നാസിഫ് മുഹമ്മദ്, എ.വി അബ്ദുൽ ഗഫൂർ, സുനിത മങ്ങാടി എന്നിവർ മത്സ്യഭവൻ സന്ദർശിച്ചു.

thahani steels

Comments are closed.