ഗുരുവായൂര്‍: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്‍ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു. ഗുരുവായൂരില്‍ പ്രമുഖ കാര്‍ട്ടൂണിസ്റ്റ് കുട്ടി എടക്കഴിയൂരിന്റെ പുസ്തകമായ വരയും വരിയും ചിരിയും എന്ന പുസ്തകം പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ട്ടൂണിസ്റ്റ് ചിരിപ്പിക്കുന്നവന്‍ മാത്രമല്ല ചിന്തിപ്പിക്കുന്നവനുകൂടിയാണ്. പലരും ചിരിക്കാത്തതിനാല്‍ വിമര്‍ശിപ്പിക്കപെടാറുണ്ട്. എന്നാല്‍ ഏറെയൊന്നും ചിരിക്കാനുള്ള അവസരങ്ങളല്ല അനുഭവങ്ങള്‍ ഇന്ത്യക്കാരന് നല്‍കുന്നതെന്ന് നാം മനസ്സിലാക്കണം. സാമൂഹ്യ ജീര്‍ണ്ണതകളോട് കലഹിച്ചും പരിഹസിച്ചും ജനങ്ങളെ ചിരിപ്പിക്കുയെന്നത് കാര്‍ട്ടൂണിസ്റ്റിന്റെ കര്‍ത്തവ്യമാണ്. ഇന്ന് മനുഷ്യന്റെ ചിരിയെ അസഹിഷ്ണതയോടുകൂടി കാണുന്നവരോട് അതിനാല്‍ കാര്‍ട്ടൂണിസ്റ്റിന് പൊരുതേണ്ടിവരും. എഴുത്തും സാഹിത്യവുമെല്ലാം വില്‍പനക്കുള്ള ചരക്ക് മാത്രമാകുന്ന കാലഘട്ടമാണിപ്പോഴുള്ളത്. വ്യവസ്ഥാപിത അധികാര ഘടനയോടുള്ള കലഹമാണ് യഥാര്‍ത്ഥ എഴുത്ത് എന്ന് തിരിച്ചറിഞ്ഞവര്‍ വളരെ കുറവാണിന്നെന്നും അദ്ദേഹം പറഞ്ഞു
കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷനായി. ഡോ.ജസ്മി പുസ്തകം ഏറ്റുവാങ്ങി. സിദ്ധിഖ് ഷെമീര്‍ പുസ്തകം പരിചയപ്പെടുത്തി. സിപിഐ എം ചാവക്കാട് ഏരിയാ സെക്രട്ടറി എം കൃഷ്ണദാസ്, ഡോ.എം എന്‍ വിനയകുമാര്‍, റഷീദ് പാറക്കല്‍, ജി കെ പള്ളത്ത് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രമുഖ സിത്താര്‍ വാദകന്‍ ഇബ്രാഹിംക്കുട്ടിയുടെ നേതൃത്വത്തില്‍ ബാബുരാജ് അനുസ്മരണ സംഗീതപരിപാടിയുമുണ്ടായി. കുട്ടി എടക്കഴിയൂരിന്റെ കാര്‍ട്ടൂണ്‍ രചനകളെ ആസ്പദമാക്കി വടക്കേക്കാട് തിയ്യേറ്റര്‍ വില്ലേജ് അവതരിപ്പിച്ച നാടകാവിഷ്കാകാരവും ഉണ്ടായി.