Header

ഭൗമ വിവരങ്ങൾ ഇനി വിരൽ തുമ്പിൽ – ജി.ഐ.എസ് മാപ്പിങ് ഡ്രോൺ വിവര ശേഖരണത്തിന് തുടക്കമായി

നിങ്ങളുടെ കുട്ടിയുടെ അഡ്മിഷൻ ഉടൻ തന്നെ ഉറപ്പാക്കാൻ click here call or WhatsApp+919745223340   +919946054450

ചാവക്കാട് : നഗരസഭയിൽ 2022-23 സാമ്പത്തിക വർഷം ഭൗമവിവര നഗരസഭ പദ്ധതി(ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം ഫോർ ലോക്കൽ ബോഡീസ് (ജി.ഐ.എസ്.എൽ.ബി)) നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഉപയോഗിച്ചുള്ള വിവരശേഖരണ പരിപാടി ഗുരുവായൂർ എം.എൽ.എ എൻ.കെ.അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് സ്വാഗതമാശംസിച്ചു.

നഗരസഭയുടെ വികസനാവശ്യത്തിനുതകുന്ന ഓരോ സര്‍വ്വെ പ്ലോട്ടിലേയും വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷിഭൂമി, മനുഷ്യവാസ മേഖല, വ്യാപാര വ്യവസായം, ഭൂവിനിയോഗം, തൊഴില്‍, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവരശേഖരണമാണ് നടക്കുക. ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം (ജി. പി. എസ് ) ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ ബോധപൂര്‍വ്വമായ സ്വീകരണത്തിലൂടെ വികസനത്തിന്‍റെ തോത് ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചുവടു വെയ്പ്പാണ് നഗരസഭ കൈകൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം, കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്‍റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു വാര്‍ഡില്‍ നിന്ന് ഓരോ പ്രവര്‍ത്തകരെ വീതം നഗരസഭ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ വഴിയാണ് വിവരശേഖരണം സാധ്യമാക്കുന്നത്. ഈ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തി വിവരങ്ങൾ ശേഖരിക്കും.ഡ്രോൺ ഉപയോഗിക്കുന്നത് വഴി വിവരശേഖരണം കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധിക്കുന്നതാണ്.

നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, അബ്ദുൾ റഷീദ് പി. എസ്, അഡ്വ. മുഹമ്മദ്‌ അൻവർ എ.വി, പ്രസന്ന രണദിവെ, കൗൺസിലർമാരായ എം.ആർ.രാധാകൃഷ്ണൻ, കെ. വി. സത്താർ എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ പദ്ധതിയെക്കുറിച്ച് വിശദീകരണം നൽകി. കൗൺസിലർമാർ, നഗരസഭ ഉദ്യോഗസ്ഥർ, കരകുളം ഗ്രാമീണ പഠന കേന്ദ്രം ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

thahani steels

Comments are closed.